jos-k-mani

തൊടുപുഴ: കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനാണ് യു.ഡി.എഫ് സീറ്റ് നൽകേണ്ടതെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കേരള കോൺഗ്രസ് എം. തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യ ജനാധിപത്യ മുന്നണിയിൽ പുനലൂർ നിയമസഭ സീറ്റ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യം അനുവദിച്ചത് കേരള കോൺഗ്രസ് എം.നാണ്.പാർട്ടി സ്ഥാനാർഥി അന്നത്തെ കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചതുമാണ്. അതിനശേഷം യുഡിഎഫ് നടത്തിയ ചർച്ചകൾക്കൊടുവിൽ പിന്നീട് വരുന്ന ഒരു തെരഞ്ഞെടുപ്പിലേക്ക് പുനലൂരിന് പകരം കുട്ടനാട് സ്വീകരിക്കണമെന്ന യുഡിഎഫ് നേതൃത്വത്തിന് ആവശ്യം പരിഗണിച്ച് കുട്ടനാട് പാർട്ടി സ്ഥാനാർഥി മത്സരിക്കുകയാണുണ്ടായത്. അങ്ങനെ പുനലൂർ വിട്ടുനൽകി പകരമായി ലഭിച്ച സീറ്റാണ് കുട്ടനാട്. അതുകൊണ്ട് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതാണ് കുട്ടനാട് സീറ്റ്. പാലാ ഉപതെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ ഉൾപ്പെടെ നടത്തി സ്ഥാനാർത്ഥിയെ തോൽപ്പിക്കുവാൻ ജോസഫ് വിഭാഗം ശ്രമിച്ചപ്പോഴും യു.ഡി.എഫിന്റെ നിർദ്ദേശപ്രകാരം സൗമ്യമായ സമീപനമാണ് സ്വീകരിച്ചത്. അത് കെ.എം. മാണി പഠിപ്പിച്ച രാഷ്ട്രീയം പിൻതുടരുന്നതിനാലാണെന്നും നേതൃത്വത്തെ അംഗീകരിക്കുന്ന യു.ഡി.എഫ്. കാരനായതുകൊണ്ടാണെന്നും ജോസ് കെ. മാണി പറഞ്ഞു..