മറയൂർ : മറയൂരിലെ റിയൽഎസ്റ്റേറ്റ് മാഫിയയയും റവന്യൂ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും കൈക്കൂലിയായി ഭൂമിവാീിയതും സംബന്ധിച്ച് വിജിലൻസ് സംഘം അന്വേഷണം നടത്തി .മറയൂർ വില്ലേജിൽ നിലം നികത്തി വില്പന നടത്തുന്നതിന് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുകയും അതിന്റെ ഭാഗമായി ഭൂമി സ്വന്തമാക്കി എന്ന പരാതിയെ തുടർന്ന്.എറണാകുളം സെൻട്രൽ റവന്യു വിജിലൻസ് സംഘം ഡെപ്യൂട്ടികളക്ടർ വൃന്ദാ ദേവിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്.
നിർദ്ധനരായ കർഷകരുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് കരിമ്പിൻ പാടങ്ങൾ വാങ്ങി വില്പന നടത്തുന്ന സംഘങ്ങളെ സഹായിച്ചതിന്റെ പാരിതോഷികമായി ഭാര്യയുടെ പേരിൽ പതിനൊന്ന് സെന്റ് സ്ഥലവും ഭാര്യ പിതാവിന്റെ പേരിൽ പതിനേഴ് സെന്റ് ഭൂമിയും കൈക്കലാക്കി എന്ന് മറയൂർ സ്വദേശി വില്ലേജ് അസിസ്റ്റന്റ് സി അനീഷ് രാജിനെതിരെ റവന്യു വിജിലൻസിൽ പരാതി നല്കിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
മേയ് മാസത്തിലും വിജിലൻസ് സംഘം മറയൂർ വില്ലേജ് അസിസ്റ്റന്റിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് നല്കിയിരൂന്നില്ല. തുടരന്വേഷണത്തിനായാണ് വിജിലന്‌സ് സംഘം എത്തിയത്.
മറയൂർവില്ലേജിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂറ് എക്കറിലധികം കരിമ്പിൻ പാടങ്ങളാണ് ഇടിച്ചു നിരത്തി അഞ്ച്, പത്ത് സെന്റ് എന്നിങ്ങനെ പ്ലോട്ടുകളാക്കി വിൽപ്പന നടത്തിവരുന്നത്. വരും കാലങ്ങളിൽ കൃഷി പ്രതിസന്ധിയിലാകുമെന്നും റവന്യു രേഖകളിൽ നിലം എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭൂമി വാങ്ങുന്നതിനായി ആരും എത്തില്ലെന്നും ധരിപ്പിച്ച് റോഡിന്റെ ലഭ്യത അനുസരിച്ച് സെന്റിന് പതിനായിരം രൂപ മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ എന്ന നിരക്കിലാണ് വാങ്ങുന്നത് പിന്നീട് ഇടിച്ച് നിരത്തി ചെറിയ പ്ളോട്ടുകളാക്കി ഒരു ലക്ഷം രൂപ മുതല് ഒന്നര ലക്ഷം രൂപവരെയുള്ള നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
ഒറ്റ പാക്കേജിൽ എല്ലാം ഓാക്കെ

നിലം പുരയിടമാക്കി മാറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ പക്കൽ നിന്നും കെട്ടിട നിർമ്മാനത്തിനുള്ള ബിൽഡിഗ് പെർമിറ്റ് വാങ്ങി നല്കുന്നത് വരെയുള്ള നടപടികൾ ചെയ്തു കൊടുന്നത് വരെ ഒറ്റ പാക്കേജ് ആയിട്ടാണ് സംഘം ചെയ്തുകൊടുക്കുന്നത്.