ചെറുതോണി: സംസ്ഥാനത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നിട്ടും, നിലവിൽ കൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം പോലും നീക്കംചെയ്യുന്നില്ല. മാലിന്യ നിർമ്മാജ്ജനത്തിയായി പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടും വാഴത്തോപ്പ് പഞ്ചായത്ത് ഇത് നടപ്പിലാക്കാൻ തയ്യാറായില്ല എന്ന് നാട്ടുകാർ ആരോപിച്ചു. മാലിന്യ നിർമ്മാജനത്തിന് ഉപയോഗിച്ചിരുന്ന ഭൂമി മെഡിക്കൽ കോളേജിന് സമീപത്തായിരുന്നു. ഈ കാരണത്താൽ ഈ സ്ഥലം ഒഴിവാകണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതിനെ തുടർന്ന് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് അടച്ചു പൂട്ടി. പകരം തത്സ്ഥാനത്ത് പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് കയറ്റി അയയ്ക്കുന്നതിനുള്ള യൂണിറ്റ് നിർമ്മിച്ചു. എന്നാൽ സെക്രട്ടറിയേറ്റിൽ വച്ച് നടന്ന ചർച്ചയിലും തുടർന്ന് കളക്ട്രേറ്റിൽ വച്ച് നടന്ന ചർച്ചയിലും വാഴത്തോപ്പിലെ മാലിന്യ പ്രശ്ന പരിഹാരത്തിന് രണ്ടേക്കർ സ്ഥലം ഗ്രാമ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് വിട്ടു നൽകണമെന്ന് നിർദ്ദേശം ഉണ്ടായി. ഇത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അംഗീകരിച്ചെങ്കിലും നാളിതു വരെയായി സ്ഥലം വിട്ടു നൽകിയില്ല. തൊടു ന്യായങ്ങൾ നിരത്തിയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഈ നീക്കത്തെ തടസപ്പെടുത്തുന്നത്. ഇതോടെയാണ് വാഴത്തോപ്പിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ നിരത്തുകളിൽ കിടക്കുന്നതെന്ന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരും അറിയിച്ചു.