 
കട്ടപ്പന: ഇടുക്കിക്കവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയെ കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയെത്തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് അടുക്കളയിലേക്കു കുടിവെള്ളമെടുക്കുന്ന ടാങ്കിനുള്ളിൽ പുഴവരിച്ച നിലയിൽ എലി കാണപ്പെട്ടത്. പരിശോധന നടക്കുമ്പോൾ ഈ ടാങ്കിലെ വെള്ളം ഹോട്ടലിൽ പാചകത്തിനായും പാത്രങ്ങൾ കഴുകാനും ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥർ മടക്കിയയച്ചു.
നേരത്തെ മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ ഹോട്ടലുടമയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് മലിനജല സംസ്‌കരണത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അധികൃതർ പരിശോധനക്കെത്തിയത്. സ്റ്റീൽ പാത്രം ഉപയോഗിച്ച മൂടിവച്ചിരുന്ന ടാങ്ക് പരിശോധിച്ചപ്പോൾ ചത്ത എലിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെയും പുറത്തിറക്കിയശേഷം അധികൃതർ ഹോട്ടൽ പൂട്ടി.. മുമ്പും ഇതേ ഹോട്ടൽ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉടമയ്ക്ക് അധികൃതർ നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.