തൊടുപുഴ: കേരള ഫീഡ്സിന്റെ പുതിയ കാലിത്തീറ്റ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിന് സമർപ്പിക്കും. വൈകിട്ട്നാലിന് തൊടുപുഴ അരിക്കുഴയിലുള്ള ഫാക്ടറി അങ്കണത്തിലാണ് ഉദ്ഘാടന ചടങ്ങ്. ക്ഷീരവികസന മന്ത്രി കെ രാജു അദ്ധ്യക്ഷനാകും. കേരള ഫീഡ്സ് പുറത്തിറക്കുന്ന കൈരളി, അതുല്യം എന്നീ കോഴിത്തീറ്റകളുടെ വിപണനോദ്ഘാടനവും മന്ത്രി നിർവഹിക്കും. അത്യുൽപാദന ശേഷിയുള്ള കറവപ്പശുക്കൾക്കായി കേരള ഫീഡ്സ് പുറത്തിറക്കുന്ന ഡയറി റിച്ച് കാലിത്തീറ്റയുടെ വിപണനോദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പി.ജെ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.കെഫ്എൽ ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായർ സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷ പത്മനാഭൻ നന്ദിയും പറയും.
എംഡി ഡോ. ബി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. എംഎൽഎമാരായ ഇ എസ് ബിജി മോൾ, റോഷി അഗസ്റ്റിൻ, എസ് രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ്, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ, കെഎഫ്എൽ ബോർഡംഗവും മിൽമ എംഡിയുമായ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, നഗരസഭ അദ്ധ്യക്ഷ പ്രൊഫ. ജെസ്സി ആന്റണി,
തുടങ്ങിയവർ പങ്കെടുക്കും.
75.75 കോടി മുതൽമുടക്ക്
ഇടുക്കി പാക്കേജിന്റെ ഭാഗമായി ഡോ.എംഎസ് സ്വാമിനാഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ പുതിയ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രതിദിനം 500 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള ഫാക്ടറി 75.75 കോടി രൂപ മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്. പുതിയ പ്ലാന്റ് പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ കേരള ഫീഡ്സിന്റെ മൊത്തം ഉല്പാദന ശേഷി 1750 ടൺ ആകും. 1350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫിനിഷ്ഡ് പ്രോഡക്ട് ഗോഡൗൺ, 3300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അസംസ്‌കൃത വസ്തു സംഭരണ ഗോഡൗൺ എന്നിവയടങ്ങിയതാണ് പ്ലാന്റ്. സ്വിറ്റ്സർലാന്റിലെ ബ്യൂളർ കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ പ്ലാന്റിലെ ഉത്പാദനം പൂർണമായും ഓട്ടോമേറ്റഡ് ആയിരിക്കും.