കട്ടപ്പന: കളരിപ്പയറ്റ് ജില്ലാ ചാമ്പ്യൻഷിപ്പ് ഇന്ന് വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ നടക്കും. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് മത്സരങ്ങളായി സംഘടിപ്പിക്കുന്നത്. വിവിധ കളരികളിൽ നിന്ന് ഏഴുമുതൽ 40 വയസുവരെ പ്രായമുള്ളവർ മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകയ്യ് എന്നീ അഭ്യാസമുറകളിൽ മത്സരിക്കും. വിജയികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കു തെരഞ്ഞെടുക്കപ്പെടും.
രാവിലെ 10.30 ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി മത്സരം ഉദ്ഘാടനം ചെയ്യും. ജയകുമാർ ഗുരുക്കൽ അദ്ധ്യക്ഷത വഹിക്കും. 12മുതൽ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ സമ്മാനദാനം നിർവഹിക്കും. അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കളരിപ്പയറ്റ് പ്രദർശനവും ഉണ്ടാകുമെന്ന് ഭാരവാഹികളായ ജി.കെ. രാജശേഖരൻ ഗുരുക്കൾ, ജസ്റ്റിൻ ജെ.മാത്യു, കെ.കെ. സാജു, രമണൻ ജി. ആചാര്യ എന്നിവർ അറിയിച്ചു.