തൊടുപുഴ :ഉപ്പുകുന്നിലെ കള്ളിക്കൽ ഊരിലെത്തുന്ന അതിഥികൾക്ക് ഇതൊരു പുതുമയുള്ള കാര്യമാണ് ,ചായയും കാപ്പിയും വെള്ളവുമൊക്കെ കിട്ടുന്നത് മുളങ്കപ്പുകളിൽ. തനി നാടൻ വീട്ടുപകരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഓരോ വീട്ടിലും. അടുക്കളയിൽ മുളയിൽ തീർത്ത ട്രേകളും നാഴിയും ഇടങ്ങഴിയും കിച്ചൻ സ്റ്റാന്റും തവിയും പപ്പടം കുത്തിയും കൈ തൊടാതെ പലഹാരങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ള മറിക്കയും. കൂടാതെ ഈറ്റയുടെ മുറം, വട്ടി, കൊട്ട അങ്ങനെ പട്ടിക നീളും. ഊരിൽ ആകെയുള്ള 70 കുടുംബങ്ങളിൽ 60ലും മുള, ഈറ്റ ഉൽപ്പന്നങ്ങൾ യഥേഷ്ടം. മുളങ്കപ്പ് ഒരു വർഷം വരെ ഈടുനിൽക്കും. ഉപയോഗിക്കാവാതെ വന്നാൽ അടുപ്പിലിടാം.ചാരം വീണ്ടും മണ്ണിലേയ്ക്ക്. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഹരിതകേരളം നടത്തിയ അന്വേഷണത്തിലാണ് കേരളത്തിന്റെ ഈ ഹരിതസംരംഭങ്ങളുടെ പട്ടികയിലേയ്ക്ക് ഈ മുളഗ്രാമമെന്ന ഈ കുടുംബശ്രീ യൂണിറ്റും എത്തിയത്. കാർഷികമേളയിൽ ഹരിതകേരളത്തിന്റെ മുളഗ്രാമം സ്റ്റാളിൽ 40 ഇനങ്ങളാണ് കൊണ്ടുവന്നത്. അവയിൽ ഏതാനും എണ്ണമൊഴികെ എല്ലാം വിറ്റൊഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യൂണിറ്റിന്റെ നായകരായ സുനിലും ജനാർദ്ദനനും രതീഷും.
മാസങ്ങൾക്ക് മുമ്പ് കിർത്താഡ്സ് നൽകിയ പരിശീലനമാണ് മുളഗ്രാമത്തിന്റെ പിറവിയ്ക്ക് കാരണമായത്.ഊരിൽ വാടകകെട്ടിടത്തിലാണ് 19 വനിതകൾ കൂടിയുള്ള മുളഗ്രാമം പ്രവർത്തിക്കുന്നത്. മുള സൗജന്യമായി കിട്ടുമെന്നതാണ് ഇവരുടെ ഏക ആശ്വാസം. കഠിന പ്രയത്നത്തിനൊടുവിലാണ് മുളകൾ രൂപമാറ്റംവന്ന് ഭംഗിയാകുന്നത്.. മുള വെട്ടി നാല് ദിവസം വെറുതെ ഇടണം. പിന്നീട് തലച്ചുമടായെത്തിച്ച് മുറിച്ച് വെള്ളത്തിൽ പുഴുങ്ങി 5 ദിവസം വെയ്ക്കണം.അതിനു ശേഷം പൂർണ്ണമായി ഉണക്കിയെടുത്ത് മാത്രമേ ഉൽപ്പന്നങ്ങൾ തീർക്കാനാവൂ. ഒരു കപ്പുണ്ടാക്കണമെങ്കിൽ 28 ദിവസം വേണ്ടി വരുമെന്ന് മുള ഗ്രാമത്തിന്റെ സെക്രട്ടറി പി വി സുനിൽ പറയുന്നു. തൊടുപുഴയിലെ സ്റ്റാൾ വിജയത്തിന്റെ സന്തോഷത്തിൽ മുളയും ഈറ്റയും ജീവിതം തരുമെന്ന് പ്രതീക്ഷയിലാണ് ഈ കാടിന്റെ മക്കൾ.