ചെറുതോണി : കീരിത്തോട് ടൗണും പരിസരങ്ങളും ലഹരിയുടെ പിടിയിലായി .കഞ്ചാവും വാറ്റുചാരായവും വിദേശ മദ്യവും ഇവിടെ സുലഭം .കീരിത്തോട്, പുന്നയാർ, ആറാംകൂപ്പ്, ഏഴാംകൂപ്പ്, പകുതിപാലം തുടങ്ങിയ പ്രദേശങ്ങളിൽ വൻതോതിൽ പരസ്യമായി അനധികൃത മദ്യം വിറ്റഴിക്കുകയാണ്. ഉൾപ്രദേശങ്ങളായ പുന്നയാറിലും, ആറാംകൂപ്പിലും കുടിൽ വ്യവസായം പോലെയാണ് വിൽപ്പന പൊടിപൊടിക്കുന്നത്.വാറ്റ് ചാരായം വിദേശ മദ്യവുമായി കൂട്ടികലർത്തിയാണ് വിൽപ്പന .വിദ്യാർത്ഥികൾവരെ ഉപഭോക്താക്കളുടെ പട്ടികയിലുണ്ട്. സന്ധ്യകഴിഞ്ഞാൽ കീരിത്തോട് ടൗൺ മദ്യപാനികളുടെ പിടിയിലമരും.
കഞ്ചാവിന്റെ അമിതമായ സാന്നിദ്ധ്യമാണ് നാട്ടുകാർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം.കോതമംഗലം, അടിമാലി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ കീരിത്തോട്ടിൽ എത്തിക്കുന്ന കഞ്ചാവും ഇവിടെ വ്യാപകമായി വിറ്റഴിക്കുന്നു. കഞ്ചാവ് വിൽപ്പനക്കാരുടെ കണ്ണിയിൽ സ്ത്രീകളും വിദ്യാർത്ഥികളുമുണ്ട്. . കഞ്ഞികുഴി പൊലിസിന്റെയും, ഇടുക്കി, തങ്കമണി എക്‌സൈസ് ഓഫീസിന്റെയും പരിധിയിലുള്ളതാണ് ഈ പ്രദേശം . അധികൃതർ റെയിഡിന് എത്തും മുമ്പെ വിവരം കച്ചവടക്കാർ അറിയും. അത്രകണ്ട് ലഹരിമാഫിയയുടെ കണ്ണികൾ ശക്തമാണ്.