bijumon-antony

തൊടുപുഴ: സംസ്ഥാനത്തെ മികച്ച ജൈവ കർഷകന് ഗാന്ധിജി സ്റ്റഡി സെന്റർ നൽകുന്ന കർഷക് തിലക് പുരസ്‌കാരത്തിന് ഇടുക്കി, പാമ്പാടുംപാറ പഞ്ചായത്ത് വലിയതോവാള കളപ്പുരയ്‌ക്കലിൽ ബിജുമോൻ ആന്റണി - കുഞ്ഞുമോൾ ദമ്പതികൾ അർഹരായി. മൂന്നുലക്ഷം രൂപയടങ്ങുന്ന പുരസ്‌കാരം കാർഷിക മേളയുടെ സമാപന ദിവസമായ ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നൽകുമെന്ന് സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒന്നര ഏക്കറിൽ നിന്ന് 27 ലക്ഷം രൂപയുടെ അറ്റാദായമാണ് ഒരു വർഷം ബിജുമോന് ലഭിക്കുന്നത്. മീൻ, ആട്, കരിങ്കോഴി, മുട്ടക്കോഴി, അലങ്കാര പക്ഷി, തേനീച്ച, പഴവർഗം, പച്ചക്കറി, ഏലം, കുരുമുളക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് ബിജുമോൻ ചെയ്യുന്നത്. ഫോട്ടോഗ്രാഫറായ ബിജുവിനെ കൃഷിയിൽ സഹായിക്കാൻ ഭാര്യ കുഞ്ഞുമോളും മക്കളായ അമലും ആബേലുമുണ്ട്. 2019ലെ മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷോകത്തമ പുരസ്‌‌കാരവും ബിജുമോനായിരുന്നു.

കാർഷികമേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗോശാല പുരസ്‌കാരത്തിന് കോട്ടയം, പെരുവ പുറക്കരി വീട്ടിൽ തങ്കച്ചൻ എന്ന വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ - മേരിക്കുട്ടി ദമ്പതികൾ അർഹരായി. ഒരു ലക്ഷം രൂപയടങ്ങുന്ന പുരസ്‌കാരവും മുഖ്യമന്ത്രി സമ്മാനിക്കും. ജോസഫ് സെബാസ്റ്റ്യൻ 37 പശുക്കളെ വളർത്തുന്ന ഹൈടെക് സംരംഭകനാണ്. ഭാര്യ മേരിക്കുട്ടിയും മക്കളായ സോജി, സോണി, ലിസ് മോൾ എന്നിവരും തങ്കച്ചന്റെ ക്ഷീരസംരംഭ വികസനത്തിൽ പങ്കാളികളാണ്.