തൊടുപുഴ : നാടിന്റെ വികസനം യാഥാർത്ഥ്യമാകുന്നത് കാർഷികമേഖലയിലൂടെ മാത്രമാണെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ ടി.ജി. വിനയൻ അഭിപ്രായപ്പെട്ടു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് നടത്തിയ കാർഷികമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൺപത് ലക്ഷം പേർ ഇന്ന് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുണ്ട്. പച്ചക്കറി കൃഷിയിലും മറ്റും പുരുഷൻമാരേക്കാൾ കൂടുതൽ പങ്കുവഹിക്കാൻ കഴിയുന്നത് സ്ത്രീകൾക്കാണ് വിനയൻ പറഞ്ഞു.
അനൂപ് ജേക്കബ് എം.എൽ.എ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എം.എൽ. എ., കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. രാധ, കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് ഡോ. ജി. ജയലക്ഷ്മി, ലതികാ സുഭാഷ്, കെ.പി.മേരി, ഇന്ദു സുധാകരൻ, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, മറിയമ്മ ബെന്നി എന്നിവർ സംസാരിച്ചു.

കാർഷിക മേളയിൽ ഇന്ന്


കാർഷികമേളയോടനുബന്ധിച്ച് ഇന്ന് രണ്ടു സെമിനാറുകൾ നടക്കും. രാവിലെ പത്തിന് ഗ്രാമീണ കാർഷിക മേഖലകളെ സംബന്ധിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാട്, ഉച്ചകഴിഞ്ഞ് 2.30 ന് ഭക്ഷണക്രമവും ആരോഗ്യപരിപാലനവും എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ. വൈകിട്ട് ഏഴിന് ടിനി ടോം അവതരിപ്പിക്കുന്ന മെഗാ ഷോ. ഷംന കാസിം അവതരിപ്പിക്കുന്ന ഡാൻസ്.