തൊടുപുഴ: പത്താം ക്ലാസിലെ ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങൾക്കായുള്ള ഏകദിനജില്ലാ ക്യാമ്പുകൾക്ക് ഇന്ന് തൊടുപുഴയിൽ തുടക്കം. ജനുവരി ആറിന് മൂലമറ്റം അക്വാറ്റിക് സെന്റർ, ഏഴിന് കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂൾ, ഒമ്പതിന് കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, 10ന് അടിമാലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നീ കേന്ദ്രങ്ങളിലും ക്യാമ്പുകൾ നടക്കും. ലഹരിവിരുദ്ധ സംസ്‌കാരം വളർത്തിയെടുക്കുക, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുക, സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കുക, ആരോഗ്യസുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, പഠനപഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികവുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പുകൾ നടത്തുന്നത്. 1628 കേഡറ്റുകൾ ക്യാമ്പിൽ പങ്കാളികളാകും. തുടർന്ന് സ്‌കൂൾ യൂണിറ്റുകളുടെ നേതൃത്വത്തിൽ തുടർപരിപാടികൾ നടത്തും. ഇന്ന് രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ മിനി ടി.കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കോ- ഓർഡിനേറ്റർ ജോർജ്ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. റെഡ്‌ക്രോസ് ജില്ലാ മാനേജിംഗ് കമ്മിറ്റിയംഗം പി.എസ്. ഭോഗീന്ദ്രൻ, ജെ.ആർ.സി റവന്യൂ ജില്ലാ ജോയിന്റ് കോർഡിനേറ്റർ പി.എൻ. സന്തോഷ്, തൊടുപുഴ എസ്.എസ്.എച്ച്.എസ് ഹെഡ്മിസ്ട്രസ് അനിത ജി. നായർ, റോംസി ജോർജ്ജ്, ജ്യോതി പി. നായർ എന്നിവർ പ്രസംഗിക്കും. സിവിൽ എക്‌സൈസ് ഓഫീസർ സിനോജ് വി. ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് സി. കെ., തൊടുപുഴ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി. ആഷകുമാർ, അഡ്വ. ആൽബർട്ട് ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നയിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപനസമ്മേളനം, 3.30ന് ക്യാമ്പ് സമാപിക്കും.