തൊടുപുഴ: എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് ചരിത്ര വിജയമാക്കണമെന്ന് മുഴുവൻ തൊഴിലാളികളോടും തൊടുപുഴയിൽ ചേർന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം അഭ്യർത്ഥിച്ചു. ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങളും കോർപ്പറേറ്റ് സാമ്പത്തിക നയങ്ങളും രാജ്യത്തെ വൻ തകർച്ചയിലും കടത്തിലും മുക്കി. പുതുവർഷസമ്മാനമായി ട്രെയിൻ ചാർജിൽ വൻ വർദ്ധനവാണ് വരുത്തിയത്. പാചക വാതകത്തിന് 19 രൂപ വർദ്ധിച്ചു. പെട്രോൾ,ഡീസൽ വില കുതിച്ചുയരുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഭയാനകമാംവിധം ഉയരുകയാണ്. ഈ പശ്ചാത്തലത്തിൽ നടക്കുന്ന പണിമുടക്ക് ഐതിഹാസിക വിജയമാകേണ്ടത് മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതവത്കരിക്കാനും ജനങ്ങളെ വിഭജിക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറിന് ജില്ലയിലൊട്ടാകെ പ്രകടനം സംഘടിപ്പിക്കാൻ ജില്ലയിലെ പാർട്ടി ഘടകങ്ങളോടും യോഗം അഭ്യർത്ഥിച്ചു. ഇ.കെ. ധനപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്‌സിക്യുട്ടീവംഗം സി.എ. കുര്യൻ, ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, അസിസ്റ്റന്റ് സെക്രട്ടറി പി. മുത്തുപാണ്ടി എന്നിവർ പങ്കെടുത്തു.