ചെറുതോണി : ഉപ്പുതോട് ഗവ. യുപി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി ഫിലിപ്പ്, പി.ടി..എ. പ്രസിഡന്റ് മനോജ് കുളപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കളക്ടർക്ക് നിവേദനം നൽകാനെത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി മഴക്കാലത്ത് റോഡിന്റെ തിട്ട ഇടിഞ്ഞ് സ്‌കൂളിന്റെ സ്ഥലം നഷ്ടപ്പെടുകയും കെട്ടിടങ്ങൾക്ക് ഭീഷണിയായിരിക്കുകയുമാണ്. സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവിട്ട് ഇടുക്കി നിയോജക മണ്ഡലത്തിലെ ഏക സ്മാർട്ട് സ്‌കൂളായി ഉപ്പുതോട് സ്‌ക്കൂളിനെ ഉയർത്തിയിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. എന്നാൽ റോഡിന്റെ മണ്ണിടിച്ചിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് പോലും കടുത്ത ഭീഷണിയായിട്ടുണ്ട്. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സീമോൻ വാസുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് , പൊതുമരാമത്ത് വകുപ്പ് എന്നിവരെയെല്ലാം സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ല . ഈ സാഹചര്യത്തിലാണ് ഉപ്പുതോട് സ്മാർട്ട് വില്ലേജ് നടപടികൾക്കായി എത്തിയ കലക്ടർക്ക് നിവേദനം നൽകാനായി കുട്ടികൾ നേരിട്ടെത്തിയത്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ എച്ച് ദിനേശൻ ഉറപ്പു നൽകി.