തൊടുപുഴ: അരിക്കുഴയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ചെടുത്ത സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേർ പിടിയിൽ. മൂവാറ്റുപുഴ ആട്ടായം സ്വദേശി അനീഷ് (26), കണ്ണൂർ സ്വദേശി ബിൻഷാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബർ എട്ടിനു നടന്ന സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി അനീഷിനെ മൂവാറ്റുപുഴ മാർക്കറ്റിൽ നിന്നും ബിൻഷാദിനെ മറ്റൊരു മാല പൊട്ടിക്കൽ കേസിൽ തൃപ്പൂണിത്തുറ പാലസിനു സമീപത്ത് നിന്നുമാണ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി അനീഷിനെ ഇന്നലെ തൊടുപുഴയിലെത്തിച്ചു. ആദ്യം പിടിയിലായ ബിൻഷാദിനെ തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യുകയാണ്. ഇയാൾ നൽകിയ വിവരമനുസരിച്ചാണ് അനീഷ് പിടിയിലായത്. മുമ്പും സമാന കേസുകളിൽ പ്രതികളാണ് ഇരുവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

പിടിക്കാനെടുത്തത് രണ്ട് മാസത്തോളം

ഏകദേശം രണ്ട് മാസം മുമ്പ് നവംബർ എട്ടിനാണ് അരിക്കുഴ നടുത്തൊട്ടിയിൽ അനിതയുടെ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്. അക്രമി സംഘം മാല പൊട്ടിച്ചെടുത്ത് പാഞ്ഞു പോയപ്പോൾ പിന്നാലെയോടുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ അനിതയെ ഇടിച്ചു വീഴ്ത്തി. കാലിന് പരുക്കേറ്റ അനിത സ്വകാര്യ ആശുപത്രിയിൽ ദീർഘനാൾ ചികിൽസയിലായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും ലഭിക്കാതിരുന്നതിനാലാണ് പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.