തൊടുപുഴ: ജില്ലാതല ബീച്ച് ഗെയിംസ് ആറ്, ഏഴ് തീയതികളിൽ അറക്കുളം സെന്റ്‌ ജോസഫ്‌സ്‌ കോളേജ് ഗ്രൗണ്ടിൽ നടക്കും. ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെവൻസ് ഫുട്‌ബോൾ, വോളീബോൾ, വടംവലി, കബഡി എന്നീ നാല് കായികയിനങ്ങളിൽ പുരുഷന്മാരും വനിതകളും മത്സരിക്കും. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഫുട്‌ബോൾ, വടംവലി എന്നീ മത്സരങ്ങൾ ഉണ്ടാകും. യുവജനക്ഷേമബോർഡ്, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, വിവിധ കായിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. ഫുട്‌ബോൾ, വോളിബോൾ, കബഡി എന്നീയിനങ്ങളിൽ 12പേർ വീതവും വടംവലിക്ക് 10പേർ വീതവുമുള്ള ടീം ലിസ്റ്റ് അയയ്ക്കാം. അംഗീകൃത ക്ലബ്ബുകൾ, സ്‌പോർട്‌സ് സംഘടനകൾ, സർക്കാർ/അർദ്ധ സർക്കാർ/കോളേജ് മുഖാന്തിരം വരുന്ന ടീമുകൾക്ക് പങ്കെടുക്കാം. ഗെയിംസിൽ പങ്കെടുക്കാൻ എൻട്രി ഫീസില്ല. പുരുഷന്മാർ 18 വയസിനും വനിതകൾ 16 വയസിനും മുകളിൽ പ്രായമുള്ളവരായിരിക്കണം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ് അല്ലെങ്കിൽ ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവയുമായി ആറിന് രാവിലെ 8.30ന് അറക്കുളം സെന്റ്‌ ജോസഫ്‌സ്‌ കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേർന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. വിവരങ്ങൾക്ക് ഫോൺ: 9446425520, 8547575248. ജില്ലാതല ബീച്ച് ഗെയിംസ് ഓർഗനൈസിംഗ് സെക്രട്ടറി കെ.എൽ. ജോസഫ്, കോർഡിനേറ്റർ എൽ. മായാദേവി, വൈസ് ചെയർമാന്മാരായ ഷേർളി ആന്റണി, ടോമി വാളികുളം, എസ്. ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.