തൊടുപുഴ: കാസ്‌ക് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഖിലകേരള വോളിബോൾ ടൂർണമെന്റ് കാസ്‌ക് വോളി- 2020 ഇന്ന് മുതൽ 11 വരെ കാരിക്കോട് കാസ്‌ക് ഗ്യാലറി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 4000 പേർക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള വോളിബോൾ കോർട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ കാൻസർ, കിഡ്‌നി രോഗികളെ സഹായിക്കുന്നതിനുള്ള ദൗത്യം കൂടിയാണ് സൊസൈറ്റി ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്. ടൂർണമെന്റ് അഞ്ചിന് വൈകിട്ട് ഏഴിന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ വിശിഷ്ട അഥിതികളായി പി.ജെ. ജോസഫ് എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ, മുനി. ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചാർളി ജേക്കബ്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, തൊടുപുഴ അർബൻ ബാങ്ക് ചെയർമാൻ വി.വി. മത്തായി എന്നിവർ പങ്കെടുക്കും. ടൂർണ്ണമെന്റിന്റെ സമാപന സമ്മേളനം 11ന് വൈകിട്ട് ഏഴിന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സരവിജയികൾക്കുള്ള സമ്മനദാനം തൊടുപുഴ സി.ഐ സജീവ് ചെറിയാൻ നിർവഹിക്കും.വാർത്താസമ്മേളനത്തിൽ കാസ്‌ക് പ്രസിഡന്റ് എ.എസ്. ജാഫർഖാൻ, ടൂർണ്ണമെന്റ് സംഘാടകസമിതി ജന. കൺവീനർ ഫൈസൽ ചാലിൽ, സംഘാടകസമിതി ട്രഷറർ എ.ബി. ഹാരിസ്, ഭാരവാഹികളായ ഷമീർ സി.ഐ, കെ.എസ്. അസീസ് എന്നിവർ പങ്കെടുത്തു.