കാഞ്ഞിരവേലി: പതിവില്ലാതെ ജനവാസമേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കാഞ്ഞിരവേലി കമ്പിലൈൻ ഭാഗത്താണ് നാട്ടിലിറങ്ങി കാട്ടാനകൾ വിലസുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി കാട്ടാനകൾ വരുന്നുണ്ട്. നാലഞ്ച് ആനകളാണ് സ്ഥിരമായെത്തുന്നത്. ഇവ ഓരോന്നായി പലയിടത്തായി തമ്പടിച്ച് നിൽക്കുകയാണ് പതിവ്. അമ്പത് മീറ്റർ അകലെ വനമേഖലയാണെങ്കിലും ഇതുപോലെ ജനവാസമേഖലിയൽ കാട്ടാന അടുത്തകാലത്തൊന്നും എത്തിയതായി ഓർക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പുതുവർഷ തലേന്ന് കമ്പിലൈനിലെ കൃഷിയിടത്തിലെത്തിയ കൊമ്പൻ മോളേക്കുടിയിൽ സജീവന്റെ കൃഷി നശിപ്പിച്ചു. രണ്ട് അടയ്ക്കാമരവും ഒരു തെങ്ങും നശിപ്പിച്ചപ്പോഴേക്കും തീ കത്തിച്ചും ശബ്ദമുണ്ടാക്കിയും മറ്റും ആനയെ ഓടിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. രാവിലെ പത്രമിടാൻ പോയ യുവാവിനെ കൊമ്പൻ ഓടിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ രാത്രികാലങ്ങളിൽ ഉറക്കമൊഴിഞ്ഞ് കാവലിരിക്കുകയാണ്. ഓടിച്ച് വിട്ടാലും പിന്നെയും മണിക്കൂറുകൾ കഴിയുമ്പോൾ തിരികെയെത്തുമെന്ന് ഇവർ പറയുന്നു. നേര്യമംഗലത്ത് നിന്ന് ഇഞ്ചത്തൊട്ടിക്ക് പോകുന്ന വഴിയിൽ രാത്രിസമയം സ്ഥിരമായി കാട്ടാനയുടെ സാന്നിദ്ധ്യമുണ്ട്. പകൽസമയത്ത് പോലും സ്കൂൾ കുട്ടികളുമായി വാഹനങ്ങൾ വരുമ്പോൾ കാട്ടാനയെ കണ്ടിട്ടുണ്ട്. നേര്യമംഗലം പുഴയിൽ നിന്ന് വെള്ളംകുടിക്കാനെത്തുന്ന കാട്ടാനകളാണ് ഭക്ഷണം തേടി ജനവാസമേഖലയിലേക്കിറങ്ങുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും വന്ന് നോക്കിയിട്ട് പോയതല്ലാതെ ഒരു നടപടിയുമെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു.
കാടിറങ്ങാൻ കാരണം
1. ചൂട് കൂടിയത്
2. കാട്ടിനുള്ളിൽ ഭക്ഷണം കിട്ടാത്തത്
3. കാട്ടിലെ ജലാശയങ്ങൾ വറ്റിയത്
ആനയ്ക്കൊപ്പം കുരങ്ങും
ആന മാത്രമല്ല കുരങ്ങിനെകൊണ്ടും ഇവിടത്തെ കർഷകർ പൊറുതിമുട്ടി. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കുരങ്ങുകൾ കൃഷിയിടത്തിലെത്തി കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കും. കൊക്കോ, തേങ്ങ, കരിക്ക് തുടങ്ങിയവയെല്ലാം കുരങ്ങ് പറിക്കുമെന്ന് നാട്ടുകാർ പറയുന്നു.