sarojini

മറയൂർ: കൈരേഖയും കണ്ണും ക്യാമറയിൽ പതിയുന്നില്ല, പതിനാറു വർഷം വിധവ പെൻഷൻ കിട്ടി കൊണ്ടിരുന്ന മറയൂർ പട്ടം കോളനി ശ്രീജ മന്ദിരം വീട്ടിൽ വാസുപിള്ളയുടെ ഭാര്യ സരോജിനിയമ്മയ്ക്ക് (78) പെൻഷൻ കിട്ടുന്നില്ല. മസ്റ്ററിങ്ങ് സംവിധാനത്തിനായി അക്ഷയ കേന്ദ്രത്തിൽ കൈരേഖയും കണ്ണിലെ കൃഷ്ണമണിയുടെ ചിത്രവും പതിപ്പിക്കുവാൻ സരോജിനിയമ്മ പോയിരുന്നു. കൈ രേഖയും കൃഷ്ണമണിയും പതിഞ്ഞിട്ടില്ലായെന്ന് പറഞ്ഞ് തിരിച്ചു അയക്കുകയായിരുന്നു. ഒരാഴ്ച നീണ്ടു നിന്ന ശ്രമത്തിനും കാത്തിരിപ്പിനൊടുവിലാണ് അക്ഷയ കേന്ദ്രത്തിൽ കൈ രേഖ പതിപ്പിക്കുവാൻ കഴിഞ്ഞതും പരാജയപ്പെട്ടതും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സരോജിനിയമ്മയ്ക്ക് പെൻഷൻ തുക ഏറെ ആശ്വാസമായിരുന്നു.മറയൂർ പഞ്ചായത്തിൽ 25 ലധികം ആളുകളുടെ പെൻഷൻ സരോജിനിയമ്മയുടെ പോലെ കിട്ടാതായിട്ടുണ്ടെന്ന് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ആരോഗ്യദാസ് പറഞ്ഞു.ഇവരുടെ ലൈവ് സർട്ടിഫിക്കറ്റ് സഹിതമുള്ള വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മസ്റ്ററിങ്ങ് സംവിധാനത്തിൽ പതിയാത്തവരുടെ വിശദ വിവരങ്ങളും പഞ്ചായത്ത് അധികൃതരുടെ സാക്ഷ്യപത്രവും ലഭിക്കുന്ന മുറയ്ക്ക് അവർക്ക് പെൻഷൻ ലഭിക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശ് അറിയിച്ചു.