കട്ടപ്പന: മകരജ്യോതി ദർശനത്തിന് അയ്യപ്പൻമാരെ വരവേൽക്കാൻ ഇടുക്കിയും ഒരുങ്ങുന്നു. ഉത്രം നക്ഷത്രവും പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്കും ദർശിച്ച് ഭക്തിസായൂജ്യമടയാൻ ആയിരക്കണക്കിനു തീർഥാടകരാണ് ഒരോവർഷവും പുല്ലുമേട്ടിൽ എത്തുന്നത്. 15 ന് രാവിലെ മുതൽ പുല്ലുമേട്ടിലെ ഉപ്പുപാറ മലഞ്ചെരുവിലേക്കു ഭക്തർ എത്തിത്തുടങ്ങും. ശരണമന്ത്രങ്ങൾ ഉരുവിട്ടും ഭജനപാടിയും ഇവർ വൈകിട്ട് വരെ ചെറിയ പർണശാലകളിലും പാറപ്പുറങ്ങളിലുമായി സമയം ചെലവഴിക്കും. ഒരോ വർഷവും വിപുലമായ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കുന്നത്. പുല്ലുമേട് ദുരന്തത്തിനുശേഷം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിവരുന്നത്. ആന്ധ്രാപ്രദേശ്, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു തീർഥാടകർ മകരവിളക്ക് ദിനത്തിൽ രാവിലെ മുതൽ എത്തി തുടങ്ങും. വൈകിട്ടോടെ വിനോദസഞ്ചാരികളും പ്രദേശവാസികളും എത്തുന്നതോടെ തിരക്ക് വർദ്ധിക്കും. കർപ്പൂരം തെളിയിച്ചും ശരണമന്ത്രങ്ങൾ ഉരുവിട്ടും ഭക്തിഗാനങ്ങൾ ആലപിച്ചും അന്തരീക്ഷം ഭക്തിസാന്ദ്രമാക്കും. പൊലീസ്, വനം, റവന്യൂ, ജലഅതോറിട്ടി, ഗതാഗതം, ആരോഗ്യം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. അഗ്നിശമന സേനയും സജ്ജരായി സ്ഥലത്തുണ്ടാകും. പ്രധാന സ്ഥലങ്ങളിൽ നിന്ന് ഭക്തർക്ക് ഇവിടങ്ങളിലേക്ക് പോകാനും ദർശനത്തിനു ശേഷം തിരിച്ചുവരാനും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.
സൗകര്യമൊരുക്കി പാഞ്ചാലിമേടും പരുന്തുംപാറയും
ദേശീയപാതയിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ഇവിടെ മകരജ്യോതി ദർശിക്കാൻ ഒരോവർഷവും എത്തുന്നുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിൽ ശബരിമല വനം ഇവിടുന്നു കാണാനാകും. മലമടക്കുകളുടെ വിദൂരദൃശ്യവും സദാസമയം വീശിയടിക്കുന്ന കാറ്റും ടഗോർ പാറയും സന്ദർശകരുടെ മനംകവരുന്നു. ദേശീയപാതയിലെ മുറിഞ്ഞപുഴയിൽ നിന്ന് നാലുകിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും മുണ്ടക്കയം തെക്കേമല വഴിയും ഇവിടെ എത്താം. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഒരോവർഷവും ആയിരങ്ങളാണ് ഇവിടെ മകരവിളക്ക് കാണാനെത്തുന്നത്. അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ മുൻവർഷങ്ങളിൽ ഇവിടെ തീർത്ഥാടകർക്കായി അന്നദാനം ഒരുക്കിയിരുന്നു.
മുറിപ്പാടായി ദുരന്തം
2011 ജനുവരി 14ന് രാത്രി എട്ടോടെയാണ് പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിനുശേഷമുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 102 അയ്യപ്പഭക്തർ മരിച്ചത്. രണ്ടു ലക്ഷത്തോളം തീർത്ഥാടകർ അന്ന് പുല്ലുമേട്ടിലുണ്ടായിരുന്നു. വെളിച്ചക്കുറവും ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായത്. തമിഴ്നാട്ടിൽ നിന്നെത്തിയ 39 പേരും കർണാടകയിൽ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള 26 പേരും മൂന്നു മലയാളികളും ശ്രീലങ്കയിൽ നിന്നെത്തിയ ഒരാളുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ വകുപ്പുകളുടെ അനാസ്ഥയാണ് അപകടത്തിനുകാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷന്റെ അന്വേഷണത്തിലും ഇതേ കണ്ടെത്തലുകളായിരുന്നു. അപകടത്തിനുശേഷം ഭക്തരുടെ വലിയ തിരക്ക് ഇപ്പോൾ ഉണ്ടാകാറില്ല.