അടിമാലി : പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവരുടെ പ്രത്യേക യോഗം അടിമാലി പഞ്ചായത്തിൽ ചേർന്നു. വിവിധ രംഗങ്ങളിൽ തൊഴിൽ ചെയ്ത് വന്നിരുന്നവർക്ക് അവരവർ ചെയ്തിരുന്ന തൊഴിൽ മേഖലകളിൽ സംഭവിച്ച നഷ്ടം നികത്തുന്നതിന്റെ ഭാഗമാണ് പ്രത്യേക യോഗം ചേർന്നത്. കാലി വളർത്തൽ, കൃഷി, ഫാം, മരപ്പണി തുടങ്ങിയ രംഗങ്ങളിൽ തൊഴിൽ ചെയ്തിരുന്നവരിൽ നിന്നും പ്രത്യേകം അപേക്ഷകൾ സ്വീകരിച്ച് ധനസഹായം നൽകാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. മഴ, മണ്ണിടിച്ചിൽ ,ഉരുൾപൊട്ടൽ തുടങ്ങിയവയിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും കാലി വളർത്തൽ മേഖലയിൽ കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഈ രംഗങ്ങളിലേക്ക് തിരിച്ചെത്തുന്നതിനും ധനസഹായം ലഭിക്കും. ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തിയാണ് പഞ്ചായത്ത് ധനസഹായം നൽകുക.അടിമാലി ഗ്രാമപഞ്ചായത്തിൽ അരഹരായ പട്ടിക വർഗ്ഗ വിഭാഗത്തിന് 68 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിന് 13 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് 38 ലക്ഷം രൂപയും ധനസഹായം ലഭിക്കും. യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് എം പി വർഗ്ഗീസ്, ഭരണ സമിതി അംഗങ്ങളായ കെ.എസ് സീയാദ്, എം എൻ ശ്രീനിവാസൻ, മക്കാർ ബാവ, മേരി യാക്കോബ്, ശ്രീജ ജോർജ് തുടങ്ങിവർ പങ്കെടുത്തു.