അവാർഡ് വിതരണം മുഖ്യമന്ത്രി നിർവ്വഹിക്കും
തൊടുപുഴ : പത്തു ദിവസം നീണ്ടു നിന്ന കാർഷികമേളയ്ക്ക് ഇന്നു സമാപനം. ഇന്നു രാവിലെ 8.30 മുതൽ കാലിപ്രദർശനം ആരംഭിക്കും. കോലാനി - വെങ്ങല്ലൂർ ബൈപാസ് റോഡിൽ പെട്രോൾ പമ്പിനു സമീപമാണ് കാലിപ്രദർശനം ഒരുക്കിയിട്ടുള്ളത്. തുടർന്ന് നടക്കുന്ന സെമിനാർ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ഇന്ത്യയിലെ ഏറ്റവും നല്ല നാടൻ (ഗീർ, സഹിവാൾ, ടാർപാർക്കർ, സിന്ധി) പശുക്കളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം ഒരു ലക്ഷം രൂപയുടെയും, അൻപതിനായിരം രൂപയുടെയും, ഇരുപത്തയ്യായിരം രൂപയുടെയും അവാർഡുകൾ സമ്മാനിക്കും. ജഴ്സി, എച്ച്.എഫ്, സുനന്ദിനി പശുക്കളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവയ്ക്ക് ഇരുപതിനായിരം രൂപയുടെയും, പതിനായിരം രൂപയുടെയും, അയ്യായിരം രൂപയുടെയും അവാർഡുകൾ നൽകും. നാടൻ പശു, എരുമ, കിടാരി, ആട് എന്നീ വിഭാഗങ്ങളിലും മത്സരമുണ്ട്. കാർഷികമേളയുടെ സമാപന സമ്മേളനോദ്ഘാടനവും കർഷക തിലക് അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ചിന് സമ്മാനിക്കും. ഇന്ത്യയിലെ ഏറ്റവും നല്ല നാടൻ പശുവിനും ഏറ്റവും നല്ല ഗോശാലയ്ക്കും ഓരോ ലക്ഷം രൂപയും അവാർഡും സമ്മാനിക്കും. സമാപന സമ്മേളനത്തിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.എം.മണി, മന്ത്രി അഡ്വ. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുനിസിപ്പൽ വൈസ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, വികാരി ജനറാൾ .മോൺ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ, കെ.കെ. ജയചന്ദ്രൻ, റോയി കെ. പൗലോസ്, ടി.എം. സലിം, കെ.സലിം കുമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളിൽ എന്നിവർ പ്രസംഗിക്കും. അഡ്വ. ജോസി ജേക്കബ് സ്വാഗതവും മത്തച്ചൻ പുരയ്ക്കൽ നന്ദിയും പറയും.
വൈകിട്ട് ഏഴിന് ഗായിക ശ്വേത മോഹനും പിന്നണി ഗായകൻ വിധു പ്രതാപും പങ്കെടുക്കുന്ന സംഗീതരാവ്.