നെടുങ്കണ്ടം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് എം.പി നടത്തുന്ന ലോംഗ് മാർച്ച് ഇന്ന് മൂന്നിന് തൂക്കുപാലത്ത് നിന്നും ആരംഭിക്കും. ജോസ് കെ. മാണി എം.പി ഫ്ളാഗ് ഒഫ് ചെയ്യുന്ന മാർച്ച് വൈകിട്ട് ആറിന് നെടുങ്കണ്ടത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സി.കെ. വിദ്യാസാഗർ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് വൈകിട്ട് മൂന്നിന് കോതമംഗലത്ത് ബിഷപ്പ് ഹൗസ് ജംഗ്ഷൻ മുതൽ നെല്ലിക്കുഴി വരെയും ഒമ്പതിന് വൈകിട്ട് മൂന്നിന് പേഴക്കാപ്പിള്ളിയിൽ നിന്ന് ആനിക്കാട് ചിറപ്പടി വരെയും, 10ന് വൈകിട്ട് നാലിന് ഇരുമ്പുപാലത്ത് നിന്ന് അടിമാലി വരെയുമാണ് ലോംഗ് മാർച്ച് നടക്കുന്നത്.