മറയൂർ: ശബരി പഴനി തീർത്ഥാടന പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്നും ബാംഗ്ലൂരിലേക്ക് മടങ്ങിയ സഞ്ചാരികളുടെ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഗുണ്ടുമല ഒൻപതാം മൈലിലാണ് വെള്ളിയാഴ്ച രാത്രി 8 മണിയോടു കൂടി കാർ മറിഞ്ഞത്. കനത്ത മഞ്ഞിൽ റോഡ് കാണാതെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്. തേയില ചെടികളുടെ മുകളിലേക്ക് പതിച്ചതിനാൽ യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്. ഈ പാതയിൽ മുന്നറിയിപ്പ് ബോർഡുകളോ താഴ്ച്ചയുള്ള വശങ്ങളിൽ ആവശ്യമായ സംരക്ഷണ വേലികളോ ഇല്ലാത്തത് മൂലം അപകടം പതിവാണ്. അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തികളോ വേലിയോ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.