കട്ടപ്പന: ദി ഹൈറേഞ്ച് പ്രവാസി ക്ഷേമ സഹകരണ സംഘം നാളെ നെടുങ്കണ്ടം താന്നിമൂട് റോഡിലെ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കും. രാവിലെ 9.30 ന് മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കും. സംഘം പ്രസിഡന്റ് ഇ.കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ. കെ.കെ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി.എൻ. വിജയൻ ആദ്യനിക്ഷേപം സ്വീകരിക്കും. ജില്ലയിലെ പ്രവാസികൾക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവർത്തനമാരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെ വിവരശേഖരണം, വിവിധ സേവനങ്ങൾ എന്നിവ സംഘത്തിലൂടെ ലഭ്യമാക്കും. പ്രവാസികൾ അയയ്ക്കുന്ന പണം ഇതേവിഭാഗത്തിൽപെട്ടവർക്കു തന്നെ വായ്പ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും സംഘം പ്രസിഡന്റ് ഇ.കെ. രാജൻ, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.എ. ജാഫർ എന്നിവർ അറിയിച്ചു.