വില വീണ്ടും ഏഴായിരത്തിലെത്തി

കട്ടപ്പന: സീസൺ അവസാനിക്കാറായതോടെ ഏലയ്ക്കാവില വീണ്ടും റെക്കോർഡുകൾ ഭേദിക്കുന്നു. സ്‌പൈസസ് ബോർഡിന്റെ 'ഈ"ലേലത്തിലാണ് വിലയിൽ വീണ്ടും മുന്നേറ്റത്തിന് കളമൊരുങ്ങുന്നത്. ഉയർന്ന വിലയിൽ സർവകാല റെക്കോർഡായ 7000 രൂപ ഇന്നലെയും രേഖപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഇതിനുമുമ്പ് ഉയർന്ന വില 7000 രൂപയിലെത്തിയത്. 21.9 കിലോഗ്രാം ഏലക്കായാണ് ഈ വിലയ്ക്ക് വിറ്റുപോയത്. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ 288 ലോട്ടുകളിലായി പതിഞ്ഞ 61775 കിലോഗ്രാം ഏലക്കായിൽ 61190 കിലോയും വിറ്റുപോയി. 4015.6 രൂപയാണ് ശരാശരി വില. ഉച്ചകഴിഞ്ഞ് നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ ശരാശരി വില വീണ്ടും ഉയർന്ന് 4096.89 രൂപയിലെത്തി. 300 ലോട്ടുകളിലായി പതിഞ്ഞ 67,999 കിലോഗ്രാമിൽ 65,556 കിലോയും വിൽപന നടന്നു. 4610 രൂപയാണ് ഉയർന്ന വില. ഇരു ലേലങ്ങളിലുമായി 1,29,774 കിലോഗ്രാം ഏലക്കായാണ് പതിഞ്ഞത്. കഴിഞ്ഞ 25 ദിവസത്തിനിടെ വിലയിൽ ആയിരത്തിലധികം രൂപയുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. രണ്ടുദിവസത്തിനുള്ളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇനിയും വില ഉയരുമെന്നാണ് വ്യാപാരികളിൽ നിന്നുള്ള സൂചന. കഴിഞ്ഞ മേയ്, ജൂൺമുതൽ ഓഗസ്റ്റ് വരെ മാസങ്ങളിലെ 'ഈ"ലേലങ്ങളിൽ ഏലയ്ക്കാവിലയിൽ സമാനമായ മുന്നേറ്റമുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഉയർന്ന വില 7000 രൂപയിലും ശരാശരി വില 4733 രൂപയിലും എത്തിയിരുന്നു.