തൊടുപുഴ: യുവാവിനെ വാഗമണ്ണിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞാർ ഉപ്പിടുപാറ ഉമ്മറിന്റെ മകൻ ഫസലിനെയാണ് (33) ഇന്നലെ രാവിലെ 11ന് വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 ന് മുവാറ്റുപുഴയാറ്റിൽ പതിപ്പള്ളി വാളിയംപ്ലാക്കൽ സുമിത്രന്റെ(സണ്ണി) മകൻ നെൽസണെ (22) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിച്ച നെൽസന്റെ പാൻകാർഡ് തിരിച്ചറിയൽ രേഖയായി നൽകിയാണ് ഫസൽ റിസോർട്ടിൽ മുറി എടുത്തത്. വാഗമൺ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. മുവാറ്റുപുഴയാറിൽ മരിച്ച നെൽസന്റെ പാൻകാർഡ് ഫസലിന്റെ കയ്യിൽ വന്നതും രണ്ട് ദിവസം മുൻപ് നെൽസന്റെ പേരിൽ മുറിയെടുത്ത് ഫസൽ താമസിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു. നെൽസനെ കഴിഞ്ഞ മാസം 28 നാണ് കാണാതാകുന്നത്. നെൽസന്റെ മൊബൈൽ ഫോണും മറ്റു രേഖകളും ഫസലിന്റെ കയ്യിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. നെൽസന്റെ മരണം കൊലപാതമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. രണ്ടാഴ്ച മുൻപ് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ ഫസലും ഭാര്യയും കുടുബവഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു.രണ്ട് മരണവും സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.