രാജകുമാരി: മാങ്ങാത്തൊട്ടിക്കു സമീപം കൃഷിയിടത്തിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. മുരിക്കുംതൊട്ടി കളപ്പുരയിൽ ജോയി-സാലി ദമ്പതികളുടെ മകൻ ലിജോ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മാങ്ങാത്തൊട്ടി കനകപ്പുഴയ്ക്കു സമീപം ഇവർ പാട്ടത്തിനെടുത്ത ഏലതോട്ടത്തിലെ കുളത്തിലാണ് ലിജോയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ലിജോ ഏലച്ചെടികൾ നനയ്ക്കുന്നതിന് കൃഷിയിടത്തിൽ എത്തിയത്. ലിജോയെ മൊബൈലിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് വൈകുന്നേരം അഞ്ചരയോടെ കനകപ്പുഴയിലെ കൃഷിയിടത്തിൽ എത്തിയ സുഹൃത്താണ് കുളത്തിൽ മൃതദേഹം കണ്ടത്. കുളത്തിൽ വൈദ്യുത മോട്ടറും കിടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ് ആണ് ലിജോ മരിച്ചതെന്നാണ് പ്രാഥമികവിവരം. രാജാക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഉടുമ്പൻചോല പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു. ലിജോ രാജാക്കാട് സ്വകാര്യ കോളജിൽ എം കോം അവസാന വർഷ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ. സിജോ, ജിജോ.