ചെറുതോണി: വിദ്യാർത്ഥികളെ ബസ് സ്റ്റോപ്പിൽ കണ്ടാൽ ഡബിൾ ബെല്ലടിക്കും, യാത്രക്കാർ ഇറങ്ങാനുണ്ടെങ്കിൽ മറ്റ് സ്റ്റോപ്പിൽ ഇറക്കി ഇവർ സ്ഥലം വിടും. പറഞ്ഞുവരുന്നത് സ്വകാര്യ ബസുകളുടെ ലീലാവിലാസങ്ങളെക്കുറിച്ചാണ്. എറണാകും- കുമളി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് കഴിഞ്ഞ ദിവസം വാഴത്തോപ്പ് പള്ളിക്കവലയിൽ നിറുത്താതെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടത്. ഇവർ പലതവണ ഇത്തരത്തിൽ യാത്രക്കാരെ സ്റ്റോപ്പിലിറക്കാതെ പെരുവഴിയാലാക്കിയിട്ടുള്ളതായി പരാതിയുണ്ട്. വാഴത്തോപ്പ് സ്‌കൂളിലെ വിദ്യാർത്ഥികൾ 3.30ന് വാഴത്തോപ്പ് പള്ളക്കവലയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് ഇവിടെ ഇറങ്ങേണ്ട യാത്രക്കാരെ ഇറക്കാതെ 500 മീറ്ററോളം അകലെ റോഡിൽ ഇറക്കിവിട്ടത്. ബസ് സ്റ്റോപ്പിൽ ബസ് നിറുത്തിയാൽ വിദ്യാർത്ഥികൾ കയറുമെന്നതിനാലാണ് പാഞ്ഞുപോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ജീവനക്കാരെ യാത്രക്കാർ ചോദ്യം ചെയ്താൽ സ്ഥലം നിശ്ചയമില്ലെന്ന മറുപടിയാണ് ലഭിക്കുക. ബസ് സ്റ്റോപ്പിൽ ഇറങ്ങേണ്ട യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാനെത്തുന്നവർ പിന്നാലെ വണ്ടിപിടിച്ചെത്തി യാത്രക്കാരെ ബസിൽ നിന്ന് ഇറക്കേണ്ട സാഹചര്യമാണ്. സ്‌കൂൾ വിടുന്ന സമയം പൊലീസ് ഇവിടെ റോഡിൽ കാണും. ചിലപ്പോഴെല്ലാം ഇവരുടെ നിരീക്ഷണമുണ്ടാകാറില്ല. ഇത്തരം സമയങ്ങളിലാണ് ബസുകൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ഡബിൾ ബെല്ലടിക്കുന്നത്. ടിക്കറ്റെടുക്കുന്ന സ്റ്റോപ്പിൽ നിറുത്താതെ പോകുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.