ചെറുതോണി: സിമന്റുമായി വന്ന വലിയ ലോറി കൊടുംവളവിൽ കുടുങ്ങിയത് മണിക്കൂറുകൾ ഗതാഗതതടസത്തിനിടയാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കരിമ്പൻ- മുരിക്കാശേരി റോഡിൽ കരിമ്പൻ പാലത്തിനു സമീപമുള്ള കുത്തിറക്കത്തിലെ കൊടുംവളവിലാണ് ലോറി കുടുങ്ങിയത്. ചിന്നാറിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടിലേക്ക് തമിഴ്നാട്ടിൽ നിന്ന് സിമന്റുമായി വന്ന ലോറിയാണ് റോഡിൽ കുടുങ്ങിയത്. മൂന്നു ലോറികളാണ് സിമന്റുമായി വന്നത്. ഒരു ലോറി കടന്നുപോയിരുന്നു. രണ്ടാമത് വന്ന ലോറിയാണ് വളവിൽ കുടുങ്ങിയത്. 2018ലും 19ലും മഴക്കാലത്ത് മണ്ണിടിഞ്ഞ് ദിവസങ്ങളോളം ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു. റോഡിലേക്ക് വീണ മണ്ണ് ഇതുവരെ പൂർണമായും മാറ്റിയിട്ടില്ല. കരിമ്പനിൽ നിന്ന് മരിക്കാശേരി, തോപ്രാംകുടി, കട്ടപ്പന, ഇരട്ടയാർ പ്രദേശങ്ങളിലേക്ക് ദിവസവും നിരവധി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. ഭാരം കയറ്റി വരുന്ന നിരവധി വലിയലോറികൾ ഇവിടെ കുടുങ്ങിയിട്ടുണ്ട്.