ചെറുതോണി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്‌.ഐ ഇടുക്കി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഇടുക്കിയിൽ യൂത്ത് മാർച്ച് നടത്തും. കരിമ്പനിൽ നിന്ന് ആരംഭിച്ച് ചെറുതോണിയിലേക്കാണ് യൂത്ത് മാർച്ച്. വൈകിട്ട് നാലിന് കരിമ്പനിൽ തുടങ്ങി ഏഴ് കിലോമീറ്റർ സഞ്ചരിച്ച് വൈകിട്ട് ആറിന് ചെറുതോണിയിലെത്തും. ഇടുക്കി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നായി 100 കണക്കിന് യുവതി യുവാക്കൾ അണിചേരുമെന്നും യൂത്ത് മാർച്ചിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഇടുക്കി ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ് അറിയിച്ചു. യൂത്ത് മാർച്ച് കരിമ്പനിൽ എസ്.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത് ഉദ്ഘാടനം ചെയ്യും. സി.പി.എം ഇടുക്കി ഏരിയാ സെക്രട്ടറി പി.ബി. സബീഷ് മാർച്ച ഫ്ളാഗ് ഒഫ് ചെയ്യും. ജാഥ ചെറുതോണിയിലെത്തിച്ചേരുമ്പോൾ നടത്തുന്ന ഭരണഘടന സംരക്ഷണ ജ്വാല തെളിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രമേശ്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.