തൊടുപുഴ: അമ്മയുടെ കാമുകൻ നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും. തൊടുപുഴ പോക്‌സോ കോടതി മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്. ഒന്നാം ഘട്ട വിചാരണയിൽ പീഡനത്തിന് ഇരയായ കുട്ടി ഉൾപ്പെടെ 15 സാക്ഷികൾ പ്രത്യേക ജഡ്ജി കെ. അനിൽകുമാർ മമ്പാകെ മൊഴി നൽകി. പ്രതി അരുൺ ആനന്ദിനെ വിചാരണയ്ക്കായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റി. കുട്ടിയെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. സുബിൻ ബി. ജോർജ്, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ ഗിരീഷ് ഫ്രാൻസിസ്, ജാസ്മിൻ ഖാദർ, പ്രിയ ലക്ഷമി എന്നിവർ മൊഴി നൽകി. കുട്ടിയുടെ അമ്മൂമ്മ, അമ്മ എന്നിവരുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. പോക്‌സോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ വിസ്താരം നടത്തി. കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയ തൊടുപുഴ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന അഭിലാഷ് ഡേവിഡ് ഇന്ന് മൊഴി നൽകും. പീഡനമേറ്റ് ഏഴ് വയസുകാരൻ കൊല്ലപ്പെട്ട കേസ് വിചാരണയ്ക്കായി പോക്‌സോ പ്രത്യേക കോടതിയിലേക്ക് അയച്ചിട്ടുണ്ട്. 10ന് പ്രതികളായ അരുൺ ആനന്ദ്, കുട്ടിയുടെ അമ്മ എന്നിവർ നേരിട്ട് ഹാജരാവണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി അരുണിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.