തൊടുപുഴ: കാർഷികമേളയിലെ ഹരിതകേരളം മിഷൻ പവലിയനിൽ നിന്ന് കുടുംബശ്രീ സംരംഭകരും സ്വകാര്യസംരംഭകരുടേതുമായി 20,000 തുണിസഞ്ചികളാണ് വിറ്റുപോയത്. 30 രൂപ മുതൽ 120 രൂപ വരെയുള്ള തുണി സഞ്ചികൾക്കായിരുന്നു കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്‌. പേഴ്സിലൊളിപ്പിച്ചിരിക്കുന്ന വിധം ഡിസൈൻ ചെയ്ത എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ സിപ്പർ ബാഗുകൾ ഒരെണ്ണം പോലുമില്ലാതെ തീർന്നു. കുടുംബശ്രീ യൂണിറ്റുകളുൾപ്പടെ ഒമ്പത് നിർമ്മാതാക്കളാണ് കാർഷികമേളാ നഗരിയിലെ സ്റ്റാളിൽ തുണി സഞ്ചി വിൽപ്പനയ്‌ക്കെത്തിച്ചത്. എല്ലാവർക്കും നല്ല കച്ചവടം നടന്നു. പൂർണമായും തുണിയിൽ തുന്നിയ രാജമുടി നവജ്യോതിയുടെ സാനിറ്ററി നാപ്കിനുകൾക്കും ഏറെ ആവശ്യക്കാരുണ്ടായി. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന 150 കമ്പോസ്റ്റിംഗ് യൂണിറ്റുകളാണ് വിറ്റത്. ഓർഡർ നൽകി പോയവരും അഡ്വാൻസ് നൽകി ബുക്ക് ചെയ്തവരുമുണ്ട്. ഹരിതകേരളത്തിന്റെ കീഴിലെ ഹരിതസഹായ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെയും ഉയർന്ന ഗുണനിലവാരമുള്ള യൂണിറ്റുകളാണ് സ്റ്റാളിലൊരുക്കിയത്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഉപ്പുകുന്നിലെ കള്ളിക്കൽ മുള ഗ്രാമമാണ്. എല്ലാ ഉത്പന്നങ്ങളും വിറ്റുപോയതിനെ തുടർന്ന് അവർക്ക് സമാപന ദിവസം സ്റ്റാൾ വിടേണ്ടി വന്നു.