ഇടുക്കി: ജില്ലയിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ആദ്യ കുടുംബസംഗമവും അദാലത്തും ഇന്ന് കട്ടപ്പന നഗരസഭയിൽ. രാവിലെ 10ന് നഗരസഭ ടൗൺ ഹാളിൽ സംഗമം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണം നടത്തും. 11 മണി മുതൽ 20 സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള അദാലത്ത് നടക്കും. കട്ടപ്പന നഗരസഭയിൽ പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ 1065 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ നിർമ്മാണം ആരംഭിച്ച 1009 വീടുകളിൽ 596 എണ്ണം നിർമ്മാണം പൂർത്തീകരിച്ചു. 413 വീടുകളുടെ അവസാനഘട്ട നിർമ്മാണം പരോഗമിച്ചു വരുന്നതായും നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു. 19ന് നെടുങ്കണ്ടത്ത് ജില്ലാതല ലൈഫ് ഗുണഭോക്തൃ സംഗമം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.