അരിക്കുഴ കാലിത്തീറ്റ ഫാക്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തൊടുപുഴ: അടുത്ത രണ്ട് വർഷത്തിനകം സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയുടെ പകുതിയും കേരള ഫീഡ്സിന്റേതായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരിക്കുഴയിൽ പൊതുമേഖലാ കാലിത്തീറ്റ ഉത്പാദന സ്ഥാപനമായ കേരള ഫീഡ്സിന്റെ 500 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും വികസന സംരംഭങ്ങൾ ആരംഭിക്കുന്നതിലും പൂർത്തീകരിക്കുന്നതിലും സർക്കാർ മികച്ച ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയ സമയത്ത് ക്ഷീരകർഷകർക്ക് വില കുറച്ച് കാലിത്തീറ്റ നൽകാൻ തയ്യാറായ കേരള ഫീഡ്സിനെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മായം ചേർന്ന ഉത്പന്നങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനു വേണ്ടി നാല് തട്ടിലുള്ള ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ് കേരള ഫീഡ്സ് ഉത്പന്നങ്ങൾ വിപണിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ സംസ്ഥാനം പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി കെ. രാജു പറഞ്ഞു. പാലിന്റെ കൃത്യമായ വിലനിർണയം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. അത്യുത്പാദന ശേഷിയുള്ള കറവപ്പശുക്കൾക്കായി കേരള ഫീഡ്സ് പുറത്തിറക്കുന്ന ഡയറി റിച്ച് പ്ലസ് കാലിത്തീറ്റയുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കേരള ഫീഡ്സ് പുറത്തിറക്കുന്ന കൈരളി, അതുല്യം എന്നീ കോഴിത്തീറ്റകളുടെ വിപണനോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ജില്ലയിൽ കേരള ഫീഡ്സ് ഉത്പന്നങ്ങൾ ഏറ്റവുമധികം വിൽപന നടത്തിയ സ്വകാര്യ ഡീലർമാർക്കും സൊസൈറ്റികൾക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ സമർപ്പിച്ചു. കെ.എഫ്.എൽ ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷ പത്മനാഭൻ നന്ദിയും പറഞ്ഞു. എം.ഡി ഡോ. ബി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, തൊടുപുഴ നഗരസഭ അദ്ധ്യക്ഷ പ്രൊഫ. ജെസി ആന്റണി, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അരിക്കുഴ ഫാക്ടറി
ഡോ. എം.എസ് സ്വാമിനാഥൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ചത്
അരിക്കുഴ കൃഷിഫാമിൽ പാട്ടമായി അനുവദിച്ച പത്ത് ഏക്കറിലാണ് ഫാക്ടറി
പുതിയ പ്ലാന്റിന്റെ ചെലവ് 75.75 കോടി രൂപ
ഉല്പാദന ശേഷി പ്രതിദിനം 1750 ടൺ
1350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫിനിഷ്ഡ് പ്രോഡക്ട് ഗോഡൗൺ
3300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അസംസ്‌കൃത വസ്തു സംഭരണ ഗോഡൗൺ
സ്വിറ്റ്സർലാന്റിലെ ബ്യൂളർ കമ്പനിയുടെ സാങ്കേതിക വിദ്യ
പ്ലാന്റിലെ ഉത്പാദനം പൂർണമായും ഓട്ടോമേറ്റഡ്
കെ.എഫ് ഡയറി റിച്ച് പ്ലസ്
സങ്കരയിനത്തിൽപെട്ട അത്യുത്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ പരിപാലനത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിലാണ് കെ.എഫ് ഡയറി റിച്ച് പ്ലസ് വിപണിയിലിറക്കുന്നത്. പോഷകക്കമ്മി മൂലമുള്ള അസുഖങ്ങൾ, ക്ഷീരോത്പാദനക്കുറവ്, പ്രത്യല്പാദനശേഷിക്കുറവ് എന്നിവയുള്ള പശുക്കൾക്കും ഇളംകറവയുള്ള പശുക്കൾക്കും ഈ കാലിത്തീറ്റ ഉത്തമമാണ്.
കെ.എഫ് കൈരളി, കെ.എഫ് അതുല്യം
ചെറുകിട മുട്ടക്കോഴി വളർത്തുന്ന കർഷകരെയും മുട്ടക്കോഴികളെ വീട്ടുവളപ്പിൽ തുറന്നിട്ടു വളർത്തുന്നവരെയും ലക്ഷ്യമിട്ടാണ് കെ.എഫ് കൈരളി, കെ.എഫ് അതുല്യം എന്നീ മുട്ടക്കോഴി തീറ്റകൾ വിപണിയിലിറക്കുന്നത്. വീട്ടുവളപ്പിൽ തുറന്നിട്ടു വളർത്തുന്ന മുട്ടക്കോഴികൾക്ക് നൽകുന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്നോ ഭക്ഷണാവശിഷ്ടങ്ങളിൽനിന്നോ സന്തുലിത പോഷണം ലഭിക്കാറില്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് കെ.എഫ് കൈരളി ഉല്പാദിപ്പിക്കാൻ കെ.എഫ്.എൽ തീരുമാനിച്ചത്. കൂട്ടിലിട്ട് വളർത്തുന്ന നാടൻ കോഴികൾക്കും ഉത്തമമാണ് ഇത്. രണ്ട് ഉത്പന്നങ്ങളും പത്തു കിലോയുടെയും 20 കിലോയുടെയും ചാക്കുകളിൽ ലഭ്യമാണ്.