cm-

തൊടുപുഴ: വികസനത്തിൽ രാഷ്ട്രീയം വേണ്ടെന്ന് മുമ്പ് ഞാൻ പറഞ്ഞപ്പോൾ പലർക്കും മനസിലായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന കാർഷികമേളയുടെ സമാപനസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിനിടെ വികസനത്തിൽ രാഷ്ട്രീയം വേണ്ടെന്ന പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന് തന്നെയാണ് തന്റെയും നിലപാട്. ഇത് നമ്മുടെ നാടിന്റെ ആപ്തവാക്യമാകണം. ഏത് മേഖലയിലുള്ളവരാണെങ്കിലും നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാകണം നിലകൊള്ളേണ്ടത്. കേരളത്തിന്റെ വികസനം കാർഷിക അഭിവൃദ്ധിയിലൂടെയാണ് നമുക്ക് ഉറപ്പുവരുത്താൻ കഴിയുക. പച്ചക്കറി കൃഷിയിലും ക്ഷീരമേഖലയിലും നാം സ്വയംപര്യാപ്തതയ്ക്ക് അടുത്താണ്. പശുവിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ ക്രിയാത്മകമായ ഒരു പദ്ധതിക്ക് രൂപം കൊടുക്കും. എല്ലാ പഞ്ചായത്തിലും നല്ലയിനം പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുക വഴി ക്ഷീരസമൃദ്ധമായ നാടായി മാറുകയാണ് ലക്ഷ്യം. ആസിയാൻ കരാർ വന്നതോടെ നമ്മുടെ പിടലിക്ക് അടികിട്ടുന്ന സ്ഥിതിയാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. വലിയതോതിൽ നമ്മൾ തന്നെ റബർ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന അതിവിപുലമായ റബർ പാർക്ക് പ്രാവർത്തികമാക്കാനുള്ള നടപടികൾ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.