തൊടുപുഴ: ജനങ്ങൾ ഇരുകൈകളാലും ഏറ്റെടുത്ത ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള കാർഷികമേളയ്ക്ക് ആവേകരമായ സമാപനം. അവസാനദിവസങ്ങളിൽ പതിനായിരങ്ങളാണ് മേള കാണാനായി തൊടുപുഴ ന്യൂമാൻ കോളേജിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാർഷിക അഭിവൃദ്ധിയിലൂടെ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതു മനസിലാക്കിലുള്ള ഫലപ്രദമായ ഇടപെടലാണ് സംസ്ഥാനസർക്കാർ നടത്തുന്നത്. നമ്മുടെ കാർഷികരീതികളിലും ഭൂമിപരിപാലനത്തിലും മാറ്റം വന്നതിന്റ ദോഷം കണ്ടു. കിണർ ശാക്തീകരണവും മഴക്കുഴികളും ഇവിടെ ഉണ്ടാകണം. കാർഷികസമൃദ്ധമായ കേരളത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ഹരിതകേരള മിഷനിലൂടെ സർക്കാർ നടപ്പാക്കുന്നത്. ഇതിനകം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരവധി കുളങ്ങളും നീരുറവുകളെമെല്ലാം പുനരുജ്ജീവിപ്പിച്ചു. കാർഷികമേഖലയിൽ ഉൽപാദനക്ഷമതക്ക് ഗതിവേഗം പകരണം. ജൈവപച്ചക്കറി ഉത്പാദനത്തിൽ ഹരിതകേരളമിഷനിൽ പ്രാധാന്യം നൽകിയത് ചില ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ്. വിഷാംശമുള്ള പച്ചക്കറി കഴിക്കേണ്ട ദുരവസ്ഥ ഇന്നു മാറി. തിരിച്ചറിവുകളാണ് പഴയ കാർഷികസംസ്‌കൃതി തിരികെ പിടിക്കാൻ നമ്മെ സഹായിച്ചത്. പച്ചക്കറി ഉത്പാദനത്തിലും കേരളം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. കയറ്റുമതി സാധ്യത കൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ഇനി വേണ്ടത്. അതിന് സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. പോളിഫാമുകളല്ല, മഴമറകൾ തീർത്തുള്ള കൃഷിരീതിയാണ് കേരളത്തിന് ഉതകുന്നത്.
എല്ലാ പഞ്ചായത്തിലും നല്ലയിനം പശുക്കളുടെ ലഭ്യത ഉറപ്പാക്കും. റബർ, നാളികേരം എന്നിവയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികളും സർക്കാർ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. ഇടുക്കി പാമ്പാടുംപാറ വലിയതോവാള കളപ്പുരയ്ക്കൽ ബിജുമോൻ ആന്റണി- കുഞ്ഞുമോൾ ദമ്പതികൾക്ക് കർഷക തിലക് അവാർഡും പെരുവ പുറക്കരിയിൽ ജോസഫ് സെബാസ്റ്റ്യൻ മേരിക്കുട്ടി ദമ്പതികൾക്ക് ഗോശാലാ പുരസ്‌കാരവും മുഖ്യമന്ത്രി വിതരണം ചെയ്തു. ഇടുക്കി പ്രസ്‌ക്ലബ് സംഘടിപ്പിച്ച കാർഷിക ഫോട്ടോഗ്രഫി മത്സരത്തിലെ വിജയി മാധ്യമം മലപ്പുറം ബ്യൂറോയിലെ ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കറും പുരസ്‌കാരം ഏറ്റുവാങ്ങി. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ്, വി.വി. മത്തായി, റോയി കെ. പൗലോസ്, ടി.എം. സലിം, കെ. സലിംകുമാർ, വിനോദ് കണ്ണോളിൽ എന്നിവർ സംസാരിച്ചു. അഡ്വ. ജോസി ജേക്കബ് സ്വാഗതവും മത്തച്ചൻ പുരയ്ക്കൽ നന്ദിയും പറഞ്ഞു.