തൊടുപുഴ: കരിങ്കുന്നത്ത് വീട്ടുകാർ പള്ളി തിരുനാളിന് പോയ സമയം മോഷ്ടാക്കൾ വീട് കുത്തി തുറന്ന് അലമാരയിലിരുന്ന സ്വർണവും പണവും കവർന്നു. കരിങ്കുന്നം പ്ലാേന്റഷൻ മുഞ്ഞനാട്ട് ജോഷിയുടെ വീട്ടിൽ നിന്നാണ് 16 പവൻ സ്വർണവും 12,000 രൂപയും മോഷണം പോയത്. ശനിയാഴ്ച നെടിയകാട് പള്ളിയിൽ തിരുനാള് കൂടാൻ വീട്ടുകാർ പോയ വൈകിട്ട് 5.30നും രാത്രി 9.30നും ഇടയിലായിരുന്നു മോഷണം.
വീടിന്റെ മുൻവശത്തെ വാതിലിന്റെ ഒരു പലക കുത്തി പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയുടെ പൂട്ടും പൊളിച്ചു. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. വീട്ടുകാർ രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് കരിങ്കുന്നം പൊലീസിൽ അറിയിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസ്, കരിങ്കുന്നം സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐ എം.ഇ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി തന്നെ പൊലീസ് വീട്ടിൽ എത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെത്തി തെളിവെടുത്തു.