കട്ടപ്പന: വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ അഡ്വഞ്ചർ പാർക്ക് വീണ്ടും തുറന്നു. തൂക്കുപാലം(ബർമ ബ്രിഡ്ജ്) പൊട്ടിവീണുണ്ടായ അപകടത്തെത്തുടർന്ന് അടച്ചിട്ട പാർക്ക് 11 മാസത്തിനുശേഷമാണ് തുറന്നത്. ഇ.എസ്. ബിജിമോൾ എം.എൽ.എ. ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. നിലവിൽ പാർക്ക് സന്ദർശിക്കാൻ മാത്രമാണ് സഞ്ചാരികൾക്ക് പാസ് നൽകുന്നത്. പാരാഗ്ലൈഡിംഗ്, അമ്പെയ്ത്ത്, റൈഫിൾ ഷൂട്ടിംഗ് വിഭാഗങ്ങളിൽ മാത്രമേ ഇപ്പോൾ പ്രവേശനമുള്ളൂ. പാർക്ക് പൂർണസജ്ജമാകാൻ ഇനി മൂന്നാഴ്ചയോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ട്രക്കിംഗ്, റോപ് വേ, വാച്ച് ടവർ, ആംഫി തിയറ്റർ തുടങ്ങി നിരവധി വിനോദോപാദികളാണ് പാർക്കിലുള്ളത്.
കേരള സ്റ്റേറ്റ് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ് പാർക്കിന്റെ നടത്തിപ്പ്. പൊട്ടിവീണ തൂക്കുപാലം ഉൾപ്പെടെ പല സാഹസിക വിനോദ വിഭാഗങ്ങളും നിർമാണം നടത്തിയ കരാറുകാർ സൊസൈറ്റിക്ക് കൈമാറിയിട്ടില്ല. ചില വിഭാഗങ്ങളിൽ വൈദ്യുതി ഉൾപ്പെടെയുള്ളവ സജ്ജമാക്കാനുമുണ്ട്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന പാർക്കിൽ സഞ്ചാരികൾക്ക് ടിക്കറ്റ് കൊടുത്തുതുടങ്ങി. വാഗമൺ കോലാഹലമേട് ആത്മഹത്യ മുനമ്പിലെ പാർക്കിൽ ദിനംപ്രതി നൂറുകണക്കിനു സന്ദർശകരാണ് എത്തുന്നത്.
2019 ഫെബ്രുവരി 17നാണ് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പാർക്ക് ഉദ്ഘാടനം ചെയ്തത്. തുടർന്ന് 23നായിരുന്നു തൂക്കുപാലം പൊട്ടിയുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളി സൺഡേ സ്‌കളിലെ വിദ്യാർഥികളും അദ്ധ്യാപകരുമടങ്ങിയ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു മൊട്ടക്കുന്നുകളെ ബന്ധിപ്പിച്ച് കനമുള്ള പ്ലാസ്റ്റിക് കയർ ഇരുമ്പുവടത്തിൽ കോർത്ത തൂക്കുപാലത്തിൽ സുരക്ഷ ജീവനക്കാരുടെ നിർദേശം മറികടന്ന് ആളുകൾ കൂട്ടമായി കയറിയതാണ് അപകടത്തിൽ കലാശിച്ചത്. ഒരേസമയം അഞ്ചുപേർക്കു മാത്രം കയറാവുന്ന തൂക്കുപാലത്തിൽ 15ൽപ്പരം പേർ കയറുകയായിരുന്നു. തുടർന്ന് കലക്ടറുടെ നിർദേശപ്രകാരമാണ് പാർക്ക് അടച്ചിട്ടത്. നാലുവർഷം മുമ്പാണ് കേന്ദ്രസർക്കാർ അനുവദിച്ച 40 കോടി രൂപ ചെലവഴിച്ച് പാർക്ക് നിർമാണം ആരംഭിച്ചത്.