kappa
50 കിലോയോളം തൂക്കമുള്ള കപ്പക്കിഴങ്ങുകളുമായി സജീവൻ.

കട്ടപ്പന: ഉരുൾപൊട്ടലിൽ കൃഷിയിടം നശിച്ചപ്പോൾ സജീവൻ നിരാശനായി മാറുകയല്ല പുതിയ തൊഴിൽ കണ്ടെത്തി ഒപ്പം കൃഷിയും കൊണ്ടുപോയി. ഇപ്പോൾ സജീവന് സന്തോഷിക്കാം തന്റെ കൃഷിപാഠങ്ങൾ എല്ലാം ഫലം കണ്ടുവെന്ന ചാരിതാർത്ഥ്യത്തോടെ. നല്ല ഒരു മരച്ചീനികൃഷിക്കാരനെന്ന പേരെടുക്കാനായി.താൻ പാട്ടത്തിനെടുത്ത കൃഷി ഭൂമിയിൽ

ഒരുചുവട്ടിൽ നിന്നു ലഭിച്ചത് 50 കിലോയോളം തൂക്കമുള്ള കപ്പക്കിഴങ്ങുകൾ ലഭിക്കുന്നവിധം കൃഷി വളർന്നു.. ചുമട്ടുതൊഴിലാളിയായ കട്ടപ്പന സാഗര ജംഗ്ഷൻ ആഞ്ഞിലിക്കുഴി സജീവനാണ് കൃഷിയിടത്തിൽ നിന്നു നൂറുമേനി വിളവ് നേടിയത്. രണ്ടുമുതൽ നാല് അടി വരെ നീളമുള്ള കപ്പക്കിഴങ്ങുകളാണ് തണ്ടിലുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്ത് പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി.
കർഷകനായിരുന്ന സജീവന്റെ പുരയിടവും കൃഷിയുമെല്ലാം 20 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ നശിച്ചിരുന്നു. പിന്നീടാണ് ചുമട്ടുതൊഴിലാളിയായത്. രണ്ടുവർഷമായി ഒഴിവുള്ള സമയങ്ങളിൽ കൃഷിയിൽ സജീവമാണ്. മരച്ചീനി കൂടാതെ വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
സാമൂഹിക പ്രവർത്തകൻ കൂടിയായ ഇദ്ദേഹം മുല്ലപ്പെരിയാർ വിഷയം സജീവമായിരുന്ന കാലത്ത് 'മുല്ലപ്പെരിയാർ ശാശ്വത പരിഹാരം' എന്ന പേരിൽ പുസ്തകമെഴുതിയിരുന്നു. കൂടാതെ നിരവധി ഗാനങ്ങളെഴുതി സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.