അവിശ്വാസം പാസായത് ആറിനെതിരെ ഏഴ് വോട്ടുകൾക്ക്
അവിശ്വാസത്തെ സി. പി. ഐ സ്വതന്ത്രനും പിന്തുണച്ചു
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.ഐ സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. ആറിനെതിരെ ഏഴു വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ഇതോടെ സി.പി.എം സ്വതന്ത്രനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസിന് തൽസ്ഥാനം നഷ്ടമായി. യു.ഡി.എഫിലെ ആറംഗങ്ങൾക്ക് പുറമെ സി.പി.ഐ സ്വതന്ത്രനായ സതീഷ് കേശവനും അവിശ്വാസത്തെ പിന്തുണച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽ കുമാർ വരണാധികാരിയായിരുന്നു. അവിശ്വാസം പാസായ വിവരം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുമെന്നും പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്മിഷൻ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ ജനപക്ഷം അംഗമായ വൈസ് പ്രസിഡന്റ് പ്രിൻസി സോയിക്കെതിരെ അവിശ്വാസത്തിന് ഇന്ന് നോട്ടീസ് നൽകുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയാണ് എൽ.ഡി.എഫ് പ്രിൻസി സോയിയെ തങ്ങൾക്കൊപ്പം നിറുത്തിയത്.
ഭരണം നഷ്ടമായി എൽ.ഡി.എഫ്
ഭൂരിപക്ഷം നഷ്ടമായതോടെ ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫിന് നഷ്ടമാകും. ബ്ലാക്ക് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. സി.പി.ഐ സ്വതന്ത്രനായ സതീഷ് കേശവൻ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തിനെ പിന്തുണച്ചതോടെ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും അംഗങ്ങളായി കുറഞ്ഞു.
വിനയായത് അധികാരകൈമാറ്റ തർക്കം
ആദ്യ രണ്ടു വർഷം സി.പി.എം അംഗമായ ജിമ്മി പോളിനും തുടർന്ന് രണ്ട് വർഷം സി.പി.എം സ്വതന്ത്രനായ നിലവിലെ പ്രസിഡന്റ് സിനോജ് ജോസിനും അവസാന വർഷം സി.പി.ഐ സ്വതന്ത്രൻ സതീഷ് കേശവനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം നൽകാം എന്നായിരുന്നു മുന്നണി ധാരണ. ഇതുപ്രകാരം സിനോജ് ജോസ് കഴിഞ്ഞ മാസം 19ന് രാജി വയ്‌ക്കേണ്ടതായിരുന്നുവെന്നാണ് സതീഷ് കേശവൻ പറയുന്നത്. എന്നാൽ തന്റെ കാലാവധി ജനുവരി 17ന് മാത്രമേ അവസാനിയ്ക്കൂ എന്നാണ് സിനോജ് ജോസിന്റെ അവകാശ വാദം. അധികാരമാറ്റത്തിനുള്ള സമയമായപ്പോൾ സി.പി.എമ്മിലെ ചില നേതാക്കൾ ഇടപെട്ട് ജനപക്ഷം അംഗമായ പ്രിൻസി സോയിയെ പ്രസിഡന്റ് പദത്തിനായി രംഗത്തിറക്കിയെന്ന് ആരോപണമുയർന്നിരുന്നു.
ഭരണം അട്ടിമറിച്ചു
''തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാളുകളിൽ കണ്ടത്. പി.എം.എ.വൈ പദ്ധതി 100ശതമാനം പൂർത്തീകരിച്ച ആദ്യ ബ്ലോക്ക് പഞ്ചായത്ത്, പദ്ധതി നിർവഹണം തുടർച്ചയായി രണ്ട് വർഷം 100ശതമാനം പൂർത്തീകരിച്ചതിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം, ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ്, മുഖ്യമന്ത്രിയുടെ ഹരിത അവാർഡ്, ഹൈടെക് ഓഫീസ്, അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഇങ്ങനെയുള്ള നേട്ടങ്ങളിൽ അസഹിഷ്ണുത ഉണ്ടായ പ്രതിപക്ഷം ഭരണപക്ഷ അംഗത്തെ വിലയ്ക്കെടുത്ത് ഭരണം അവിശ്വാസപ്രമേയത്തിലൂടെ അട്ടിമറിക്കുകയാണ് ഉണ്ടായത്."
-സിനോജ് ജോസ് എരിച്ചിരിക്കാട്ട്
(സ്ഥാനം നഷ്ടമായ പ്രസിഡന്റ്)