കട്ടപ്പന: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പ് നടത്തി. തെക്കൻ, വടക്കൻ എന്നീ സമ്പ്രദായങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകയ്യ് എന്നീ അഭ്യാസമുറകളിൽ ആൺകുട്ടികളും പെൺകുട്ടികളും മത്സരങ്ങളുണ്ടായിരുന്നു. ടീം ഇനത്തിൽ വടക്കൻ സമ്പ്രദായത്തിൽ പാമ്പാടുംപാറ ഗുരുമംഗലം സി.വി.എൻ. കളരിയും തെക്കൻ സമ്പ്രദായത്തിൽ കുമളി കെ.പി.സി. കളരിയും ചാമ്പ്യൻമാരായി. വ്യക്തിഗത വിഭാഗത്തിൽ ഉടുമ്പന്നൂർ കാരിക്കോട് കളരി സംഘം ഒന്നാമതും അടിമാലി കോക്കാട്ട് കളരി സംഘം രണ്ടാമതുമെത്തി. വാൾ പയറ്റ്, വടിപ്പയറ്റ്, മുച്ചാൺ എന്നീ ഇനങ്ങളിൽ പെൺകുട്ടികൾ മികവുപുലർത്തി. എഴുപതോളം പേർ വിവിധ കളരികളിൽ നിന്നായി പങ്കെടുത്തു. വിജയികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. സമാപന സമ്മേളനത്തിൽ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക സുമാമോൾ ചാക്കോ സമ്മാനദാനം നിർവഹിച്ചു. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജി. രതീഷ് കുമാർ, സെക്രട്ടറി ജയകുമാർ ഗുരുക്കൾ, വൈസ് പ്രസിഡന്റ് ജി.കെ. രാജശേഖരൻ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.