തൊടുപുഴ: : മോഷണം നടത്തിയ സ്‌കൂട്ടറുമായി എത്തിയയാൾ അപകടത്തിൽ പെട്ട ബൈക്കുമായി കടന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പാമ്പനാറിൽ നിന്നും അറക്കുളത്തിനു വരികയായിരുന്ന പാമ്പനാർ പുത്തൻപുരയ്ക്കൽ രഘു അന്ത്യൻപാറയ്ക്കു സമീപം ഗട്ടറിൽ വീണ് അപകടത്തിൽ പെട്ടു. പരുക്കേറ്റില്ലെങ്കിലും ബൈക്ക് സ്വന്തമായി ഉയർത്താൻ കഴിയാതെ ബുദ്ധിമുട്ടിനിൽക്കുകയായിരുന്ന രഘുവിനെ മറ്റൊരുസ്‌കൂട്ടറിലെത്തിയയാൾ സഹായിക്കാമെന്ന വ്യാജേന ബൈക്ക് ഉയർത്തി. ബൈക്കുമായി കടന്നുപോവുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും മറ്റും ചേർന്ന് അന്വേഷിച്ചെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. പ്രതിയെ പിടികൂടുന്നതിനായി ഉപേക്ഷിച്ച വാഹനം പരിശോധിച്ചു. ഇതിൽ നിന്നും ആലപ്പുഴ സ്വദേശിനി മേരിയുടെ സ്‌കൂട്ടറാണ് ഇത് എന്ന് കണ്ടെത്തി. ഞായറാഴ്ച ആലപ്പുഴയിലെ പള്ളി മുറ്റത്തുനിന്ന് മോഷ്ടിച്ച സ്‌കൂട്ടറിലാണ് മോഷ്ടാവ് ഇവിടെ എത്തിയത്. ബൈക്കിൽ ഒരു ലിറ്റർ പെട്രോൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് രഘു പറഞ്ഞു. സമീപത്തെ പെട്രോൾ പമ്പുകളിലും പൊലീസിലും വിവരം അറിയിച്ചെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. കെ.എൽ 37 ഇ 1990 ബൈക്കാണ് മോഷണം പോയത്. കാഞ്ഞാർ പൊലീസിൽ പരാതി നൽകി.