bus

രാജാക്കാട്: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്ന് പളനിയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തേക്കിൻകാനം പാറശേരി വളവിൽ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. മുരുകേശൻ (21), കുമാർ (21), പ്രകാശ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷമാണ് അപകടം നടന്നത്. 20 തീർത്ഥാടകരുമായി തഞ്ചാവൂരിൽ നിന്ന് മൂന്നാർ വഴി പളനിയ്ക്ക് പോവുകയായിരുന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് തിട്ടയിൽ ഇടിച്ച് റോഡിൽ തന്നെ മറിയുകയായിരുന്നു. കുത്തിറക്കത്തിൽ ബ്രേയ്ക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് തിട്ടയിൽ ഇടിപ്പിച്ച് വാഹനം നിറുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി വാഹനം റോഡിൽ നിന്ന് മാറ്റി. 12 ദിവസം മുമ്പ് ഇന്നലെ അപകടം നടന്നതിന് നൂറ് മീറ്റർ മുകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കരകവിളയാട്ട സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.