ayodhya

കട്ടപ്പന: ശബരിമല, അയോദ്ധ്യ വിധികളിൽ സുപ്രീംകോടതിക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി എം.എം. മണി. ഇരുവിധികളെയും രൂക്ഷമായി വിമർശിച്ച മന്ത്രി, ജുഡീഷ്യറി എങ്ങോട്ടുപോകുന്നുവെന്ന് ഓർക്കണമെന്നും പരാമർശിച്ചു. '' ശബരിമല വിധി വന്നു. സ്ത്രീകൾക്കും പ്രവേശിക്കാമെന്നായിരുന്നു വിധി. പണ്ട് വേണ്ടപ്പെട്ടവരുടെ സ്ത്രീകൾ അവിടെ കയറി മെഴുകിയിട്ടുണ്ട്. രാജാവും രാജ്ഞിയുമൊക്കെ, പിന്നീട് പുന:പരിശോധന ഹർജി വന്നു. വിധി വന്നപ്പോൾ മഹാത്തായ വിധിയെന്നു പറഞ്ഞ് പലരും പിന്താങ്ങി. പത്ത് വോട്ടിന് വേണ്ടി സ്വാഗതം ചെയ്യുന്നവരാണ് എല്ലാവരും. പാവം ഞങ്ങൾ പെട്ടു. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യത വേണ്ടെന്നു പറഞ്ഞാൽ ഞങ്ങളുടെ പാർട്ടി പിരിച്ചുവിട്ടാൽ മതി. നേരത്തെ ജസ്റ്റിസ് പരിപൂർണന്റെ വിധിയുണ്ടായിരുന്നു. അദ്ദേഹം ശബരിമലയിലെ സ്വാമിയായിരുന്നതു കൊണ്ട് ഭരണഘടനയൊന്നും നോക്കിയില്ല. 10 നും 50 നും ഇടയിൽ പ്രായമുള്ളവർ ശബരിമലയിൽ കയറേണ്ടെന്നു പറഞ്ഞു. അന്നത്തെ നായനാർ സർക്കാർ അപ്പീലിനൊന്നും പോയില്ല. വിധി അംഗീകരിച്ചു. ഇപ്പോഴത്തെ വിധിയിൽ സുപ്രീംകോടതി ഉറച്ചുനിന്നിട്ടില്ല. ജുഡീഷ്യറി പഴയ നിലയിലായിരുന്നുവെങ്കിൽ ഇപ്പോൾ കൊടുത്ത പെറ്റീഷൻ അനുസരിച്ച് പ്രാഥമികമായി സ്‌റ്റേ ചെയ്യാമായിരുന്നു'' ഏഴംഗ ബെഞ്ച് ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നു താൻ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.എം.ഇ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് എം.ഇ.എസ്. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
അയോദ്ധ്യ വിധിക്കെതിരെയും മന്ത്രി രൂക്ഷമായി പ്രതികരിച്ചു. 'പണ്ട് അമ്പലമുണ്ടായിരുന്നുവെന്നതിന് തെളിവില്ല. അവിടെ മണ്ണിളക്കി ഗവേഷണം ചെയ്തുവെന്നാണ് പറയുന്നത്. 1992ൽ പള്ളി പൊളിച്ചതും തെറ്റ്. അവസാനം കോടതി വിധിച്ചെന്താ? അവർക്കങ്ങ് കൊടുത്തേര്. ഞാൻ രാഷ്ട്രീയക്കാരനായതുകൊണ്ട് ഇതു പറയാൻ പാടില്ലാത്തതാണ്. എന്നാൽ ശവം പോലെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?. 464 വർഷം പഴക്കമുള്ള പള്ളി പൊളിച്ച് സ്ഥലത്ത് മുസ്ലീംകൾക്ക് അവകാശമില്ല. അവസാനം അവർക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ കൊടുത്തേക്കാൻ പറയുന്നു. ഇതു കേട്ടപ്പോഴേ സ്വാഗതം ചെയ്തവരുമുണ്ട്'' മന്ത്രി പറഞ്ഞു.
. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച്. ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ വി.എം. അബ്ബാസ്, പി.എ. മുഹമ്മദ് സാലിഹ്, ഭാരവാഹികളായ ബാസിത് ഹസൻ, ഫൈസൽ കമാൽ, പി.എസ്. അബ്ദുൾ ഷുക്കൂർ, പി.എ. ഷാജിമോൻ, പി.എച്ച്. അബ്ദുൾ റസാഖ്, വി.എം. നിസാർ എന്നിവർ പങ്കെടുത്തു.