തൊടുപുഴ: കണ്ണട വിൽപന സ്ഥാപനമായ കുര്യൻസ് ഒപ്ടിക്കൽസിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായിശനിയാഴ്ച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജുമായി സഹകരിച്ച് മുതലക്കോടം സെന്റ് ജോർജസ് യു.പി സ്‌കൂളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടക്കുന്ന ക്യാമ്പ് നഗരസഭ കൗൺസിലർ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം ചെയ്യുമെന്ന് കുര്യൻസ് ഒപ്ടിക്കൽസ് സി.ഇ.ഒ സണ്ണി പോൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടറുടെ സേവനത്തോടൊപ്പം മിതമായ നിരക്കിൽ കണ്ണടകളും ക്യാമ്പിൽ ലഭ്യമായിരിക്കും. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്ന അർഹരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണടയും നൽകും. ഇടുക്കി ജില്ലയ്ക്ക് പുറമേ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അർഹരായ 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കും. കുര്യൻസ് ഒപ്ടിക്കൽസ് ഡയറക്ടർമാരായ ജിമ്മി പോൾ, ജോജി പോൾ, അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സി.ഇ.ഒ ലുക്മാൻ പൊൻമാടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.