തൊടുപുഴ: ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനുവരി അവസാനത്തോടെ ഐ എസ് ഒ പദവിയിലേക്ക് ഉയരും. പ്രത്യേക മായ പരിഗണനയോടെ ഇടമലക്കുടി പഞ്ചായത്തിനെ മാത്രം ഒഴിവാക്കിയാണ് ഈ നേട്ടം കൈവരിക്കുന്നത്. എന്നാൽ അടുത്ത വർഷം ഈ നേട്ടം കൈവരിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ഇടമലക്കുടി പഞ്ചായത്ത്‌ അധികൃതർ.കഴിഞ്ഞ ഡിസംബർ 31 ന് മുൻപായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഐ എസ് ഒ പദവി കൈവരിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചെങ്കിലും പൂർണ്ണമായും വിജയിക്കാൻ സാധിച്ചില്ല.നിലവിൽ ജില്ലയിൽ വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകൾക്ക് മാത്രമാണ് ഐ എസ് ഒ പദവി ലഭിക്കാത്തത്. ഓഫീസ് കെട്ടിടത്തിന്റെ അപര്യാപ്തതയാണ് ഇതിന് തടസമായി നിൽക്കുന്നത്. എന്നാൽ ഈ മാസം അത് തരണം ചെയ്യാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് രണ്ട് പഞ്ചായത്ത്‌ ഭരണ സമിതികളും.

ഭരണത്തിലും വികസന ക്ഷേമ പ്രവർത്തനങ്ങളിലും സേവനങ്ങൾ നൽകുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ഗുണമേൻമ സംവീധാനത്തിലേക്ക് ( ടി ക്യു എം ) ഉയർത്തി അത് ജനത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ നിലനിർത്തുക എന്നതാണ് ഐ എസ് ഒ പദവിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.ജനങ്ങൾ,ജനപ്രതിനിധികൾ,ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ഐ എസ് ഒ പദവി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാകുന്നത്.തദ്ദേശ സ്ഥാപനങ്ങൾക്ക് ഐ എസ് ഒ പദവി ലഭ്യമാക്കുന്നതിന് സംസ്ഥാന തലത്തിൽ 2012 മുതൽ പ്രവർത്തനങ്ങൾ അരംഭിച്ചതാണെങ്കിലും സാങ്കേതിക കാരങ്ങളാൽ ചിലയവസരങ്ങളിൽ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരുന്നു.പ്രാരംഭ ഘട്ടത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി നടപ്പിലാക്കിയിരുന്നത് മറ്റൊരു ഏജൻസിയിരുന്നു.എന്നാൽ ഐ എസ് ഒ 9001 - 2015 എന്ന രീതിയിലേക്ക് എത്തിയതോടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനാണ് (കില) സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിൽ ഐ എസ് ഒ പദ്ധതിയുടെ നടത്തിപ്പ് ചുമതല.വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്തി ഐ എസ് ഒ പദവിക്ക് തദ്ദേശ സ്ഥാപനങ്ങൾ യോഗ്യതയായി എന്ന് കിലക്ക് വേണ്ടി സർട്ടിഫീക്കറ്റ് നൽകുന്നത് കേന്ദ്ര

സർക്കാരിന്റെ അക്രഡിഷൻ ഏജൻസിയായ ടി ക്യൂ സവ്വീസ് എന്ന സ്ഥാപനമാണ്.ടി ക്യു സർവ്വീസ് ഓഡിറ്റ് നടത്തി യോഗ്യത നേടിയാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഐ എസ് ഒ പദവി ലഭിക്കുന്നതിന് അപേക്ഷിക്കാം.സർട്ടിപീക്കറ്റ് .ജില്ലയിൽ ആദ്യമായി ടി ക്യു - ഐ എസ് ഒ പദവി ലഭിച്ചത് വെളളത്തൂവൽ പഞ്ചായത്തും നഗരസഭയിൽ കട്ടപ്പനയുമാണ്.

തദ്ദേശസ്ഥാപനങ്ങളുടെ മൊത്തത്തിലുളള പ്രവർത്തനങ്ങൾക്ക് കില ചുമതലപ്പെടുത്തിയിരിക്കുന്ന‌ മേഖല കോർഡിനേറ്റർ ഉണ്ടെങ്കിലും പഞ്ചായത്തുകളുടെ ബ്രഹ്‌ത്തായ ശൃംഖലക്ക് മാത്രം ജില്ലയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കോർഡിനേഷൻ സെൽ പ്രവർത്തിക്കുന്നുണ്ട്.പ‌ഞ്ചായത്ത് അസി.ഡയറക്ടറാണ് ഇതിന്റെ നോഡൽ ഓഫീസർ.

ടി ക്യു - ഐ എസ് ഒ പദവി ലഭിക്കുന്നതിനുളള പ്രധാന മാനദണ്ഡങ്ങൾ -

തദ്ദേശസ്ഥാപനങ്ങളുടെ പൗരാവകാശ രേഖയിൽ പറയുന്ന സേവനങ്ങൾ പൊതുജനങ്ങൾക്കും ഓഫീസ് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ലഭ്യമാക്കൽ,റെക്കോർഡ് റൂം, ഫ്രണ്ട് ഓഫീസ് സംവീധാനം,ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ,ടെലിവിഷൻ,ഫയർ എക്സ്റ്റിൻഗ്യുഷറുകൾ സൗകര്യങ്ങൾ,സൈൻ ബോർഡുകൾ,ഫയലുകൾ സൂക്ഷിക്കൽ.

"തദ്ദേശസ്ഥാപനങ്ങൾക്ക് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്നു എന്നതിലുപരിയായി ജനത്തിന് ഏറ്റവും മെച്ചപ്പെട്ട സേവനം ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ നൽകാൻ സാധിക്കുന്നു,എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ"

ഡോ.ജോയി ഇളമൻ,

ഡയറക്ടർ,കില