തൊടുപുഴ: ഒക്ടോബർ അവസാനം നടക്കാനിരിക്കുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഴുവൻ പഞ്ചായത്തുകളിലും വാർഡ് വിഭജനം പൂർത്തിയായപ്പോൾ ജില്ലയിൽ പുതിയതായി 45 വാർഡുകൾ കൂടി. 39 പഞ്ചായത്തുകളിലായാണ് 45 വാർഡുകൾ പുതിയതായി രൂപീകരിക്കുന്നത്. ഇതുകൂടാതെ മൂന്നാർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലായി മൂന്ന് വാർഡുകൾ കുറയും. 10 പഞ്ചായത്തുകളിൽ വാർഡ് വർദ്ധനവില്ല. ജില്ലയിൽ ആകെ 52 പഞ്ചായത്തുകളാണുള്ളത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് വാർഡ് വിഭജന നടപടികൾ പൂർത്തിയാക്കും. സംസ്ഥാനത്തെ ഏകഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 13 വാർഡുള്ളതിൽ ഒരെണ്ണം കൂടി വർദ്ധിപ്പിച്ച് 14 ആകും. അര ലക്ഷം ജനസംഖ്യയുള്ള പഞ്ചായത്തുകൾ നഗരസഭയാക്കാൻ സർക്കാർ നീക്കം നടത്തിയെങ്കിലും അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് നീക്കം ഉപേക്ഷിച്ചു. 2015ലെ സെൻസസിലെ ജനസംഖ്യ വർദ്ധന അനുസരിച്ചാണ് വിഭജനം നടന്നത്.
വാർഡുകൾ കൂടുന്ന പഞ്ചായത്തുകൾ
അടിമാലി- 3, ബൈസൺവാലി- 1, വെള്ളത്തൂവൽ- 1, മറയൂർ- 1, കാന്തല്ലൂർ- 1, വട്ടവട- 1, ശാന്തൻപാറ- 1, ചിന്നക്കനാൽ- 1, മാങ്കുളം- 1, ഇടമലക്കുടി- 1,സേനാപതി- 1, കരുണാപുരം- 1, രാജാക്കാട്- 1, നെടുങ്കണ്ടം- 2, രാജകുമാരി- 1, വണ്ണപ്പുറം- 2, ഉടുമ്പന്നൂർ- 1, കോടിക്കുളം- 1, ആലക്കോട്- 1, വെള്ളിയാമറ്റം- 1, കരിമണ്ണൂർ- 1, കുടയത്തൂർ- 1, വാത്തിക്കുടി- 1, വാഴത്തോപ്പ്- 1, മരിയാപുരം- 1, വണ്ടൻമേട്- 2, കാഞ്ചിയാർ- 1, ഇരട്ടയാർ- 1, അയ്യപ്പൻകോവിൽ- 1, ചക്കുപള്ളം- 1, കുമാരമംഗലം- 1, മുട്ടം- 1, ഇടവെട്ടി- 1, കരിങ്കുന്നം- 1, മണക്കാട്- 1, പുറപ്പുഴ- 1, കുമളി- 2, കൊക്കയാർ 1, വണ്ടിപ്പെരിയാർ 1.
10 പഞ്ചായത്തുകളിൽ മാറ്റമില്ല
കൊന്നത്തടി, പള്ളിവാസൽ, പാമ്പാടുംപാറ, ഉടുമ്പൻചോല, കഞ്ഞിക്കുഴി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, പെരുവന്താനം, ഏലപ്പാറ എന്നിവിടങ്ങളിൽ വർധനവും, വെട്ടിക്കുറക്കലും ഇല്ല.
എല്ലായിടത്തും വിഭജനം
നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും വാർഡ് വിഭജനം വരും. 13 വാർഡുകളുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തു എന്നിവിടങ്ങളിൽ ഒരു വാർഡ് വർദ്ധിപ്പിച്ച് 14 ആക്കും. 22 വാർഡുള്ള സ്ഥലങ്ങളിലും 1, 2 വാർഡുകൾ ജനസംഖ്യ ആനുപാധികമായി വർദ്ധിപ്പിക്കും. കുടുതൽ വാർഡുള്ള സ്ഥലങ്ങളിലും വർധനവുണ്ടാകും.
ഇടുക്കി ജില്ല
ആകെ പഞ്ചായത്തുകൾ – 52
ബ്ലോക്ക് പഞ്ചായത്തുകൾ – 8
നഗരസഭകൾ –2 (തൊടുപുഴ, കട്ടപ്പന)
ആകെ നിയമസഭാ മണ്ഡലങ്ങൾ–5 (ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട്)
ലോക്‌സഭാ മണ്ഡലം–1
ആകെ പഞ്ചായത്തുകൾ: 52
യു.ഡി.എഫ്- 25
എൽ.ഡി.എഫ്- 27
ആകെ ബ്ലോക്ക് പഞ്ചായത്ത്- 8
യു.ഡി.എഫ്- 6
എൽ.ഡി.എഫ്- 2
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: 16
യു.ഡി.എഫ്–10
എൽ.ഡി.എഫ്–6
നഗരസഭകൾ–2
തൊടുപുഴ–യുഡിഎഫ്
കട്ടപ്പന –യുഡിഎഫ്