kaali

ഇടുക്കി: ജില്ലയിലെ പട്ടയമേള 24ന് കട്ടപ്പന സെന്റ് ജോർജ്ജ് പാരിഷ്ഹാൾ ആഡിറ്റോറിയത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 1964, 1993, എഫ്.ആർ.സി, മിച്ചഭൂമി എന്നീ വിഭാഗങ്ങളിലായി എണ്ണായിരത്തിലേറെപ്പേർക്ക് പട്ടയം ലഭിക്കും. കോളനികളിൽ മാത്രമായി 1548 പട്ടയങ്ങളാണ് കൊടുക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണിത്. പട്ടയമേള വൻവിജയമാക്കുന്നതിനുള്ള സംഘാടകസമിതി യോഗം 16 ന് 3.30 ന് കട്ടപ്പന നഗരസഭാ ഹാളിൽ ചേരും. വൈദ്യുതി മന്ത്രി എം.എം. മണി, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നല്കുക എന്ന ലക്ഷ്യത്തോടെ ഭൂമിപതിവ് ഓഫിസുകളായ പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂർ, രാജകുമാരി എന്നിവയിലും ഇടുക്കി, തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കാഫീസുകൾ കേന്ദ്രീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിലുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ വർഷം നൽകിയത് 6065 പട്ടയങ്ങൾ

കഴിഞ്ഞ ജനുവരിയിൽ കുട്ടിക്കാനത്ത് നടന്ന പട്ടയമേളയിൽ 6065 പട്ടയങ്ങളാണ് നൽകിയത്. 1167.6527 ഹെക്ടർ ഭൂമിക്കുള്ള പട്ടയഅവകാശമാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചത്. 1993 റൂൾ പ്രകാരം1801 ഉം 1964 റൂൾ പ്രകാരം 3958 ഉം കെ.ഡി.എച്ച് പ്രകാരം 50 ഉം, മുനിസിപ്പൽ പ്രകാരം 13 ഉം എൽ.ടി പ്രകാരം 243 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.


നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സന്തോഷം

ഒന്നും രണ്ടുമല്ല നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷകൾ സഫലമാകുന്നുവെന്ന് അറിഞ്ഞപ്പോൾ 80 വയസ് പിന്നിട്ട തെക്കുംമന കാളിയമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നനവ്. കാളിയമ്മയ്‌ക്കൊപ്പം സന്തോഷത്തിലാണ് തൊടുപുഴ അഞ്ചിരി തലയനാട് പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബാംഗങ്ങൾ. അധ്വാനിച്ച സ്വന്തം ഭൂമിയ്ക്ക് അവകാശ രേഖ യാഥാർഥ്യമാകുന്നു. അഞ്ചിരി തലയനാടു കോളനിയിലെ കുടുംബങ്ങൾ മിക്കവരും 46 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറി പാർപ്പുറപ്പിച്ചവരാണ്. കാളിയമ്മയുടെ ഭർത്താവ് കറുമ്പൻ വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഇപ്പോൾ മകൾ ലീല കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ കഴിയുന്നത്. ആകെയുള്ള തുണ്ടുഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങളോ ബാങ്ക് വായ്പയോ കിട്ടുമായിരുന്നില്ല. ഇതേ അവസ്ഥതന്നെയാണ് കാരാമക്കടവിൽ ടി. പി. ഉണ്ണിക്കും. വർഷങ്ങൾക്കു മുമ്പ് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിയിറക്കി കൊച്ചുവീടുവച്ച് ജീവിതം കെട്ടിപ്പടുത്തതാണ് ഉണ്ണിയും കുടുംബവും. മറ്റുള്ളവരുടെ സ്ഥലത്ത് പാട്ടത്തിനുകൃഷി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് വീടു പുതുക്കിപ്പണിതു. എന്നാൽ സ്വന്തം സ്ഥലത്തിനു പട്ടയം കിട്ടാത്തതു മൂലം ഈ കുടുംബം വളരെയധികം ബുദ്ധിമുട്ടി. ഒരു വായ്പപോലും കിട്ടാത്ത സ്ഥിതിയായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. എന്നാലിപ്പോൾ പട്ടയം കിട്ടുമെന്നറിയുന്നത് വളരെ സന്തോഷം പകരുന്നു. ഉണ്ണിയുടെ അതേ സന്തോഷത്തിലാണ് കോയിക്കപ്പറമ്പിൽ മോഹനനും ഭാര്യ രാജമ്മയും. ഇവർക്ക് സ്വന്തമായുള്ള ഒരേക്കർ മിച്ചം സ്ഥലത്ത് കൃഷി ചെയ്താണ് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ മോഹനന് പ്രമേഹം കൂടുതലായി പണിയെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കേൾവി ശക്തിയും കുറഞ്ഞു. ഒരേക്കറിൽ റബറും കുരുമുളകും മറ്റ് കൃഷികളുമുണ്ട്. 1991ൽ കാരിക്കോട് നിന്നാണ് ഈ കുടുംബം അഞ്ചിരിയിലെത്തിയത്. ഇങ്ങനെ അനവധി കുടുംബങ്ങളാണ് കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും നാൾവഴികളിലൂടെ മലയോരത്ത് ജീവിതം കെട്ടിപ്പടുത്തത്. വിയർപ്പൊഴുക്കിയ വില കൊണ്ട് വീടുവച്ചു, മക്കളെ പഠിപ്പിച്ചു. എന്നിട്ടും സ്വന്തം മണ്ണിന്റെ അവകാശികളാകാൻ കാലങ്ങൾ കാത്തിരിക്കേണ്ടിവന്നു. ആദ്യകാല ആളുകളിൽ ചിലരൊക്കെ മൺമറഞ്ഞു. ഇപ്പോൾ അവരുടെ മക്കളും പേരക്കുട്ടികളുമാണുള്ളത്.