ഇടുക്കി : വിന്റർ കാർണിവലിനു മുന്നോടിയായി മൂന്നാറിൽ സംഘിടിപ്പിച്ച ശുചീകരണയജ്ഞം ബഹുജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പുലർച്ചെആരംഭിച്ച ശുചീകരണം എട്ടുമണിയോടെ അവസാനിച്ചപ്പോൾ മൂന്നാറിന് കൈവന്നത് പുതുശോഭ. എസ്.രാജേന്ദ്രൻ എം.എൽ.എ , സബ് കളക്ടർ പ്രേം കൃഷ്ണ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.കറുപ്പസാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, ഹോട്ടൽ അസോസിയേഷനുകൾ, വിദ്യാർത്ഥികൾ, സർക്കാർ വകുപ്പുകൾ, റസിഡന്റ് അസോസിയേഷനുകൾ ശുചീകരണ തൊഴിലാളികൾ, കെ.ഡി.എച്ച്.പി കമ്പനി പ്രതിനിധികൾ, ജീവനക്കാർ ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. അഗ്നിശമനാ സേനയുടെ വാഹനമെത്തിച്ച് വെള്ളമുപയോഗിച്ച് റോഡു കഴുകുകയും ചെയ്തതോടെ നാട് മണുക്കൂറുകൾക്കുള്ളിൽ വൃത്തിയായി. മൂന്നാർ റീജിയണൽ ഓഫീസ് മുതൽ നല്ലതണ്ണി ജംഗ്ഷൻ വരെയുള്ള സ്ഥലമാണ് വൃത്തിയാക്കിയത്.