തൊടുപുഴ: കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം 17, 18 തീയതികളിൽ തൊടുപുഴ ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് 17ന് വൈകിട്ട് നാലിന് സമ്മേളന നഗറിൽ പതാക ഉയരും. 18ന് അദ്ധ്യാപകറാലിയും പൊതുസമ്മേളനവും കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഫാ. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ, ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ഫാ. സ്റ്റാൻലി കുന്നേൽ എന്നിവർ പങ്കെടുക്കും. വെല്ലുവിളികൾ നേരിടുന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ പ്രശ്‌നങ്ങളും കലാലയ രാഷ്ട്രീയത്തിന് നിയമ പരിരക്ഷ നൽകാനുള്ള സർക്കാർ നീക്കവും സമ്മേളനത്തിൽ ചർച്ച ചെയ്യും. കേരളത്തിലെ 32 രൂപതകളിൽ നിന്നായി 5000ൽ പരം അദ്ധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, ജനറൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ അറിയിച്ചു.